അവയവക്കടത്ത് കേസ്, ഷമീര് മാപ്പുസാക്ഷിയാകും; കൂടുതൽ ഇരകളെ കണ്ടെത്താൻ അന്വേഷണ സംഘം

അവയവ വിൽപ്പന നടത്തിയ കൂടുതൽ ഇരകൾ അന്വേഷണവുമായി സഹകരിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ കൂടുതൽ ഇരകളെ കണ്ടെത്താൻ അന്വേഷണ സംഘം. ഇറാനിൽ വെച്ച് കിഡ്നി വിൽപ്പന നടത്തിയ പാലക്കാട് സ്വദേശി ഷമീറിനെ കേസിൽ മാപ്പു സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇതോടെ അവയവ വിൽപ്പന നടത്തിയ കൂടുതൽ ഇരകൾ അന്വേഷണവുമായി സഹകരിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇന്ത്യയിലെ നിയമം അനുസരിച്ച് അവയവ വിൽപന നടത്തിയവരും കേസിൽ പ്രതിയാകുമെന്ന് ഭീഷണിപ്പെടുത്തി ഇരകളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

ഷമീർ ഒഴികെയുള്ളവരെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഷമീർ വിദേശത്താണെന്ന മൊഴിയാണ് ആദ്യം നൽകിയത്. തമിഴ്നാട്ടിലും കർണാടകയിലും നടത്തിയ അന്വേഷണത്തിലാണ് ഷമീറിനെ കണ്ടെത്തിയത്. വൃക്ക നൽകിയതിലൂടെ ആറു ലക്ഷം രൂപ ലഭിച്ചുവെന്നാണ് ഷമീറിന്റെ മൊഴി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.

കേസിലെ മുഖ്യപ്രതി മധു ഇറാനിലാണുള്ളത്. ഇയാളെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. മധുവിന്റെ കൂട്ടാളിയായ സാബിത്ത് നാസർ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്ത സജിത്ത് ശ്യാം, ഇടനിലക്കാരനായ ആന്ധ്ര സ്വദേശി ബല്ലംകോണ്ട രാംപ്രസാദ് എന്നിവരാണ് ഇതുവരെ പിടിയിലായത്.

To advertise here,contact us