ടി പി കേസ് പ്രതികള്ക്ക് ശിക്ഷാ ഇളവ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല,സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

കെകെ രമ എംഎല്എ നല്കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര് അനുമതി നിഷേധിച്ചു.

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ ജയില് മോചിതരാക്കാനുള്ള നീക്കം നിയമസഭയില് ഉന്നയിച്ച് പ്രതിപക്ഷം. ശിക്ഷാ ഇളവ് നല്കാനുള്ള നീക്കം ചോദ്യം ചെയ്ത് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. കെ കെ രമ എംഎല്എ നല്കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

സര്ക്കാര് പ്രതികള്ക്ക് സംരക്ഷണം ഒരുക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ടി പി വധക്കേസ് പ്രതികള്ക്ക് ശിക്ഷാ ഇളവ് നല്കുന്നത് സമൂഹത്തിലുണ്ടാക്കുന്ന ആശങ്ക സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യണമെന്നാണ് കെ കെ രമ എംഎല്എ അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. എന്നാല് അത്തരമൊരു നീക്കം നടന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവര് വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില് നോട്ടീസ് പരിഗണിക്കാന് കഴിയില്ലെന്നും സ്പീക്കര് അറിയിക്കുകയായിരുന്നു.

തുടർന്ന് പ്രതിപക്ഷം സഭയില് ബഹളമുണ്ടാക്കി. ജയില് മോചനത്തിനായി അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര് സെന്ട്രല് ജയില് സൂപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണര്ക്ക് അയച്ച കത്തിന്റെ പകര്പ്പ് ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതികളെ മോചിപ്പിക്കാനുള്ള ശ്രമം സര്ക്കാര് നടത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സര്ക്കാര് പറയേണ്ടത് സ്പീക്കര് പറഞ്ഞത് അനൗചിത്യമാണെന്നും വി ഡി സതീശന് പറഞ്ഞു. തുടര്ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

പ്ലക്കാര്ഡ് ഉയര്ത്തി സ്പീക്കറുടെ ഡയസ്സിന് മുന്നിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. തുടർന്ന് സഭ പിരിഞ്ഞു. സഭ വിട്ട പ്രതിപക്ഷം സഭാ കവാടത്തിന് മുന്നില് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

To advertise here,contact us