കൊല്ലുകയാണെങ്കില് കൊല്ലട്ടെ, ബോധ്യമില്ലാത്ത ഒന്നും പറഞ്ഞിട്ടില്ല: മനു തോമസ്

'മറ്റൊരു പാര്ട്ടിയില് പ്രവേശിക്കണം എന്ന ആലോചനയില് സിപിഐഎം വിട്ടയാളല്ല ഞാന്.'

കൊച്ചി: നിയമനടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന് ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. നിയമത്തെ ബഹുമാനിക്കുന്നയാളാണ് താന്. ആളുകളെ കൈകാര്യം ചെയ്യുന്നതിന് നിയമത്തെ ഉപയോഗിക്കാന് കഴിയുമോയെന്നത് ഇവർ തിരിച്ചറിഞ്ഞാല് നന്നാവും എന്ന് മനു പറഞ്ഞു.

തനിക്ക് ബോധ്യമില്ലാത്ത ഒന്നും പറഞ്ഞിട്ടില്ല. പി ജയരാജന്റെ മകന് ജെയിന് ക്വട്ടേഷന് സംഘത്തിന്റെ കോഡിനേറ്ററാണ്. വരും ദിവസങ്ങളില് ജനങ്ങള്ക്ക് ബോധ്യപ്പെടും. തന്റെ കൈയ്യില് തെളിവുകളുണ്ടെന്നും മനു റിപ്പോട്ടര് ടിവിയോട് പറഞ്ഞു. മനു തോമസിനെതിരെ ജെയിന് വക്കീല് നോട്ടീസ് അയച്ചിരുന്നു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിന് വക്കീല് നോട്ടീസ് അയച്ചത്.

നിലവില് മറ്റേതെങ്കിലും പാര്ട്ടിയില് അംഗത്വം എടുക്കുമോയെന്ന ചോദ്യത്തോട് 'സിപിഐഎമ്മില് നിന്നും ഇറങ്ങി സ്വതന്ത്രമായി നില്ക്കുന്നു. മറ്റൊരു കാര്യത്തെക്കുറിച്ചും ആലോചിക്കുന്നില്ല. സ്വാഗതം ചെയ്യുകയെന്നത് നല്ല കാര്യമാണ്. മറ്റൊരു പാര്ട്ടിയില് പ്രവേശിക്കണം എന്ന ആലോചനയില് സിപിഐഎം വിട്ടയാളല്ല ഞാന്' എന്നായിരുന്നു പ്രതികരണം.

വെളിപ്പെടുത്തതിന്റെ പേരില് തന്നെ കൊല്ലുകയാണെങ്കില് കൊല്ലട്ടെയെന്നും മനു പറയുന്നു. താന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. ക്വട്ടേഷന് സംഘങ്ങളുടെ വായ്മൂടികെട്ടാനാകില്ല. പറയുകയോ നടപ്പിലാക്കുകയോ അവര് ചെയ്യില്ല. താന് ഒറ്റയ്ക്കു നില്ക്കുന്നയാളാണ്. കൊല്ലുകയാണെങ്കില് കൊല്ലട്ടെ. ഏത് ഭീരുവിനും ചെയ്യാവുന്നതാണ് അതെന്നും മനു പറഞ്ഞു.

To advertise here,contact us