എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വില്പ്പനയ്ക്കെന്ന് ടെലഗ്രാമിൽ പ്രചാരണം; സൈബർ കേസ്

ദി പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024 പ്രകാരമാണ് കേസെടുത്തത്

തിരുവനന്തപുരം: വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ് എം ജി ഇ) എന്ന പരീക്ഷയുടെ ചോദ്യപേപ്പർ വില്പ്പനയ്ക്കെന്ന് ടെലഗ്രാം ഗ്രൂപ്പിൽ പരസ്യം ചെയ്ത സംഘങ്ങൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വിൽപ്പനയ്ക്ക് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പുകളിൽ പരസ്യം ചെയ്തത്. ദി പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024 പ്രകാരമാണ് കേസെടുത്തത്. ഈ നിയമം ചുമത്തി രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.

ഇത്തരം തട്ടിപ്പുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ ടെലഗ്രാം ചാനലുകൾ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് ആരംഭിച്ചതായി പോലീസ് സൈബർ ഡിവിഷൻ അറിയിച്ചു.

To advertise here,contact us