വിഴിഞ്ഞത്ത് 11ന് ആദ്യ കപ്പല് എത്തും,12ന് ട്രയല് റണ്; അഭിമാനകരമായ മുഹൂര്ത്തമെന്ന് വിഎന് വാസവന്

സംസ്ഥാനത്തിന്റെ വികസനത്തിന് ഇതോടെ വലിയ മാറ്റമുണ്ടാകുമെന്നും വി എന് വാസവന്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല് ജൂണ് 11ന് എത്തുമെന്ന് മന്ത്രി വി എന് വാസവന്. 12 ട്രയല് റണ് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാകും ട്രയല് റണ് ഉദ്ഘാടനം ചെയ്യുക. അഭിമാനകരമായ മുഹൂര്ത്തമാണ് ഇതെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് ഇതോടെ വലിയ മാറ്റമുണ്ടാകുമെന്നും വി എന് വാസവന് പറഞ്ഞു.

തുറമുഖത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള് പൂര്ണമായി. 1.7 കിലോമീറ്റര് അപ്രോച്ച് റോഡ് നിര്മ്മാണം പൂര്ത്തിയായെന്നും 3000 മീറ്റര് പുലിമുട്ട് നിര്മ്മാണം പൂര്ത്തിയായെന്നും മന്ത്രി അറിയിച്ചു. റോഡ്, റെയില്വേ കണക്ടിവിറ്റിക്കായി കൂടുതല് സ്ഥലമേറ്റെടുപ്പിനുള്ള നടപടി പുരോഗമിക്കുകയാണ്.

ഒരു കപ്പല് മാത്രമാകും ട്രയല് റണ്ണിന് എത്തുക. 1500ഓളം കണ്ടെയ്നര് ഉള്ള കപ്പലാണ് വിഴിഞ്ഞത്തേക്ക് ആദ്യമായി വരുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രി ചടങ്ങിനെത്തും. കമ്മീഷനിങ് ഓണത്തിന് നടത്താനായേക്കുമെന്നാണ് കരുതുന്നത്. ഇതില് അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നും മന്ത്രി വി എന് വാസവന് വ്യക്തമാക്കി.

To advertise here,contact us