മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; നാല് പേർ അത്ഭുതമായി രക്ഷപ്പെട്ടു

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെയായിരുന്നു അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധവും ശക്തമാവുകയാണ്. ഇന്ന് രാവിലെ 10:30 ഓടെയാണ് പൊഴി മുറിച്ച് കടക്കുന്നതിനിടെ പെരുമാതുറ സ്വദേശി സലീമിൻ്റെ ഫിർദൗസ് എന്ന വളളം മറിഞ്ഞത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. വളളത്തിലുണ്ടായിരുന്ന നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരും കോസ്റ്റൽ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിരയിൽ പെട്ട് മറിഞ്ഞ വള്ളം പൂർണമായും തകർന്നു. കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽ പെട്ടിരുന്നു. പതിനൊന്ന് മത്സ്യ തൊഴിലാളികളെയാണ് അന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. നിലവിൽ ഇവിടെ അപകടത്തിൽ പെട്ട് 80 ഓളം പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.

മുതലപ്പൊഴിയുടെ വികസനത്തിനായി കേന്ദ്ര സഹായത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കോടികളുടെ പദ്ധതി ഇതുവരെയും എങ്ങുമത്തിയില്ല. ഒരാഴ്ചമുമ്പേ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ സ്ഥലം സന്ദർശിക്കുകയും മത്സ്യ തൊഴിലാളിക്കുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. വലിയ പ്രതിഷേധമാണ് മത്സ്യ തൊഴിലാളികളുടെ ഭാഗത്ത് നിന്നും അന്നുമുണ്ടായത്.

To advertise here,contact us