ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിന്റെ ഉത്തരവാദി ആര്? പരസ്പരം പഴിചാരി കോർപ്പറേഷനും റെയിൽവേയും

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ വീണ് ഒരു മനുഷ്യനെ കാണാതായതിന് ശേഷമാണ് എല്ലാവരും ഉണർന്നത്

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ പരസ്പരം പഴിചാരുകയാണ് കോർപ്പറേഷനും റെയിൽവേയും ജലവിഭവവകുപ്പും. ജോയി വീണ ടണലിൽ കണ്ടെത്തിയതെല്ലാം റെയിൽവേയുടെ മാലിന്യമാണെന്ന വാദമാണ് മേയർ ആര്യാ രാജേന്ദ്രൻ്റേത്. മാലിന്യം നീക്കേണ്ടതിൽ കോർപ്പറേഷനും റെയിൽവേക്കും ഇറിഗേഷൻ വകുപ്പിനും കൂട്ടുത്തരവാദിത്തമാണെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ്റെ പ്രതികരണം.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ വീണ് ഒരു മനുഷ്യനെ കാണാതായതിന് ശേഷമാണ് എല്ലാവരും ഉണർന്നത്. റെയിൽവേയും കോർപ്പറേഷനും ഇറിഗേഷൻ വകുപ്പും എല്ലാം ഇപ്പോൾ സജീവമായി രംഗത്തുണ്ട്. വർഷങ്ങളായി മാറ്റാതെ കിടന്ന മാലിന്യം പേറിയ ആമയിഴഞ്ചാനിൽ റെയിൽവേ ഒന്നും ചെയ്തില്ല. കോർപറേഷൻ വഴി ഒഴുകുന്ന മാലിന്യം യഥേഷ്ടം വന്ന് ചേരുന്നത് ആമയിഴഞ്ചാൻ തോട്ടിലേക്കാണ്. ജോയിയെ കാണാതായതോടെ റെയിൽവേക്കെതിരെ രൂക്ഷമായ വിമർശനവുമായി കോർപ്പറേഷൻ മേയർ തന്നെ രംഗത്തെത്തി.

എന്നാൽ മാലിന്യനീക്കം റെയിൽവേയുടെ മാത്രം ചുമലിൽ വെക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ തയ്യാറാല്ല. കൂട്ടുത്തരവാദിത്തമാണ് റോഷി മുന്നോട്ട് വെക്കുന്നത്. കോർപറേഷന് മാലിന്യ സംസ്കരണ സൌകര്യമേ ഇല്ലെന്ന ഗുരുതര ആരോപണവും മേയർ ഉന്നയിച്ചു. ഇതിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ഗൌരവമായി ആലോചിക്കുമെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. പല തവണയായി കോടികളുടെ പദ്ധതി ആമയിഴഞ്ചാനിലെ മാലിന്യ നീക്കത്തിനായി മാറ്റിവെച്ചെങ്കിലും ഈ തോട് എല്ലാവരുടെയും മാലിന്യം പേറി തിരുവനന്തപുരം നഗരമധ്യത്തിലൂടെ ഒഴുകുകയാണിപ്പോഴും.

To advertise here,contact us