മൂന്നാര്‍ സഹകരണ ബാങ്ക് വിഷയം: രാജേന്ദ്രന്റെ ആരോപണം തള്ളി സി വി വര്‍ഗീസ്

തെറ്റ് തിരുത്തി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍ രാജേന്ദ്രന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാമെന്നും സി വി വര്‍ഗീസ് റിപ്പോര്‍ട്ടറിനോട്

മൂന്നാര്‍: മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരായ എസ് രാജേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. മൂന്നാര്‍ സഹകരണ ബാങ്ക് കേരളത്തിലെ മെച്ചപ്പെട്ട സഹകരണ സ്ഥാപനമാണെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ ആരംഭിച്ചത് സഹകരണ വകുപ്പിന്റെ അനുമതിയോടെയാണ്. ടൂറിസം പദ്ധതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജേന്ദ്രന് മറുപടി പറയാന്‍ സിപിഐഎമ്മിന് സമയമില്ലെന്നും തെറ്റ് തിരുത്തി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍ രാജേന്ദ്രന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാമെന്നും സി വി വര്‍ഗീസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഹോട്ടല്‍ ആരംഭിച്ചത് സഹകരണവകുപ്പിന്റെ അനുമതിയോടെയാണെന്ന് സി വി വര്‍ഗീസ് പറഞ്ഞു. രാജേന്ദ്രന് മറുപടി പറയാന്‍ സിപിഎമ്മിന് സമയമില്ല. തെറ്റുതിരുത്തി പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചാല്‍ രാജേന്ദ്രന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാമെന്നും സി വി വര്‍ഗീസ് പറഞ്ഞു.

ക്രമക്കേടുകള്‍ നടത്തിയ കെ വി ശശിയെ ജില്ലാ സെക്രട്ടറി സംരക്ഷിക്കുന്നു എന്ന രാജേന്ദ്രന്റെ ആരോപണത്തോട് കെ വി ശശിയെ മാത്രമല്ല പാര്‍ട്ടിക്കുള്ളില്‍ എല്ലാവരെയും സംരക്ഷിക്കുമെന്നായിരുന്നു വര്‍ഗീസിന്റെ മറുപടി. രാജേന്ദ്രന്‍ പാര്‍ട്ടിയെ തള്ളിപ്പറയാത്തിടത്തോളം കാലം രാജേന്ദ്രന്‍ പാര്‍ട്ടിയല്ല എന്ന് പറയാന്‍ കഴിയില്ല എന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. സിപിഐഎം നേതൃത്വത്തിലുള്ള മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ബാങ്കില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും 2020ല്‍ അത് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തിയത്.

To advertise here,contact us