പത്തനംതിട്ട: തിരുവല്ലയില് പീഡനക്കേസ് പ്രതി സി സി സജിമോനെ സിപിഐഎമ്മില് തിരിച്ചെടുത്ത സംഭവത്തില് ഏരിയ കമ്മിറ്റിക്ക് തിരിച്ചടി. സജിമോന് പാര്ട്ടി അംഗത്വം മാത്രം നല്കാനാണ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില് നടന്ന ചര്ച്ചയില് തീരുമാനമായത്. തീരുമാനം സജിമോനെ ലോക്കല് കമ്മിറ്റിയില് ഉള്പ്പെടുത്താനുള്ള തിരുവല്ല ഏരിയ കമ്മിറ്റി നിക്കത്തിന് തിരിച്ചടിയായി. സജിമോനെ ലോക്കല് കമ്മിറ്റിയില് ഉള്പ്പെടുത്തേണ്ടെന്നും പാര്ട്ടി അംഗത്വം മാത്രം നല്കിയാല് മതിയെന്നുമാണ് നേതൃത്വത്തിന്റെ നിര്ദ്ദേശം.
സജിമോനെ പാര്ട്ടിയിലേക്ക് തിരിച്ചെടുക്കാന് മാത്രമായിരുന്നു കണ്ട്രോള് കമ്മീഷന് തീരുമാനം. എന്നാല്, ലോക്കല് കമ്മിറ്റിയില് ഉള്പ്പെടുത്താന് തിരുവല്ല ഏരിയ കമ്മിറ്റി തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില് ഏരിയാ കമ്മിറ്റി യോഗം ചേരുകയും ചെയ്തു. സജിമോനെ ലോക്കല് കമ്മിറ്റിയില് ഉള്പ്പെടുത്തിയതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. പീഡനപരാതിയെ തുടര്ന്നാണ് സിപിഐഎം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി സി സജിമോനെ പാര്ട്ടിയില് നിന്ന് പുറത്താക്കിയത്. ഒരു വര്ഷത്തേക്കായിരുന്നു സജിമോനെ പാര്ട്ടിയില് നിന്ന് പുറത്താക്കിയത്.
2018ല് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കേസിലും ഡിഎന്എ പരിശോധനയില് ആള്മാറാട്ടം നടത്തിയതിലും സജിമോന് പ്രതിയാണ്. വനിതാ നേതാവിന് ലഹരി നല്കി നഗ്നവീഡിയോ ചിത്രീകരിച്ചെന്നും ഇയാള്ക്കെതിരെ ആരോപണമുണ്ട്. പാര്ട്ടിയില് നിന്ന് പുറത്താക്കിയ ശേഷം പിന്നീട് സജിമോനെ തിരിച്ചെടുത്തിരുന്നു. എന്നാല്, ഇപ്പോള് ലോക്കല് കമ്മിറ്റിയില് ഉള്പ്പെടുത്താനുള്ള ഏരിയാ കമ്മിറ്റിയുടെ നീക്കത്തിനാണ് തിരിച്ചടിയായത്.