ജോയിയുടെ കുടുംബത്തിന് വീടുവെച്ച് നൽകാന്‍ കോർപ്പറേഷൻ; തീരുമാനം പ്രതിപക്ഷ കൗൺസിലർമാരുടെ വിയോജിപ്പിനിടെ

റെയിൽവെ ഒരു കോടി രൂപ നൽകണമെന്ന പ്രമേയവും കൗൺസിൽ പാസാക്കി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന് വീടുവച്ച് നൽകാൻ തിരുവനന്തപുരം കോർപ്പറേഷൻ. കോർപ്പറേഷൻ കൗൺസിൽ യോ​​ഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പ്രതിപക്ഷ കൗൺസിലർമാരുടെ വിയോജിപ്പോടെയാണ് വീടുവെച്ച് നൽകാനുള്ള തീരുമാനത്തിന് കൗൺസിൽ അംഗീകാരം നൽകിയത്. ഈ തീരുമാനം കോർപ്പറേഷൻ സർക്കാരിനെ അറിയിക്കും. റെയിൽവെ ഒരു കോടി രൂപ നൽകണമെന്ന പ്രമേയവും കൗൺസിൽ പാസാക്കി.

മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും കോർപ്പറേഷൻ തീരുമാനിച്ചു. മാലിന്യം കൊണ്ടുവന്ന് തള്ളുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കും. ഇതിനായി മോട്ടോർ വാഹന വകുപ്പിൻ്റെ സഹായം തേടിയതായും മേയർ അറിയിച്ചു.

ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ജോയിയുടെ അമ്മയ്ക്കാണ് പണം അനുവദിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. നേരത്തെ തന്നെ ജോയിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചിരുന്നു. ഈ ഉറപ്പാണ് പാലിക്കപ്പെട്ടത്.

തമ്പാനൂര്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയിലാണ് ഒഴുക്കില്‍പ്പെട്ട് ജോയ് മരിച്ചത്. ജോയിക്കായി രണ്ട് ദിവസത്തിനടുത്ത് രക്ഷാദൗത്യം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. 46 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ വിഫലമാക്കിയാണ് റെയില്‍വെ താല്‍കാലിക തൊഴിലാളി ജോയിയുടെ മൃതദേഹം ആമയിഴഞ്ചാൻ തോട് ഒഴുകുന്ന തകരപ്പറമ്പ് ഭാഗത്ത് വച്ച് കണ്ടെത്തിയത്. പൈപ്പില്‍ കുടുങ്ങി മാലിന്യത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൂന്ന് പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വെയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി.

ഇതിനിടെ ജോയ് മരിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകർ മാര്‍ച്ച് നടത്തിയിരുന്നു

To advertise here,contact us