സംസ്ഥാനം 'പനി'ച്ച് വിറക്കുന്നു: മൂന്ന് ദിവസത്തിനകം മരിച്ചത് 24 പേർ; 37314 പേർ ചികിത്സയിൽ

ഇന്നലെ മാത്രം 11694 പേരാണ് പനിബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്

തിരുവനന്തപുരം: മഴക്കാലമാതോടെ സംസ്ഥാനത്ത് പകർച്ച വ്യാധികൾ പ‌ടരുകയാണ്. എലിപ്പനിയും ഡങ്കിപ്പനിയും എച്ച് വൺ എൻ വണ്ണും വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനകം 24 പേരാണ് സംസ്ഥാനത്ത് പനി ​ബാധിച്ച് മരിച്ചത്. മരിച്ചവരിൽ ഒമ്പത് പേർ എച്ച് വൺ എൻ വൺ ബാധിച്ചും എട്ട് പേർ എലിപ്പനി ​ബാധിച്ചുമാണ് മരിച്ചത്. ഇതോ‌ടെ 37314 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.

സംസ്ഥാനത്ത് ഡെങ്കിപ്പനി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. മൂന്ന് ദിവസത്തിനിടെ 344 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 11694 പേരാണ് പനിബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. മലേറിയയും മഞ്ഞപ്പിത്തവും ഷിഗല്ലയും പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ സജീവമല്ല എന്ന പരാതിയും ഉയരുന്നുണ്ട്.

സംസ്ഥാനത്ത് പലയിടങ്ങളിലും ജലജന്യ രോഗങ്ങളുടെ ഉറവിടങ്ങൾ പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് 13 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകരയിലെ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലാണ് കോളറ പിടിപെട്ടത്.

To advertise here,contact us