ധന്യ മോഹനെ ചതിച്ചത് മൈക്രോസോഫ്റ്റ് വിന്‍ഡോസിന് ആഗോള തലത്തിലുണ്ടായ തകരാര്‍; ഓഹരി വിപണിയില്‍ നിക്ഷേപം

ധന്യ തട്ടിച്ചെടുത്ത പണം ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലൂടെ കുഴൽപ്പണ സംഘത്തിലേക്ക് എത്തിയെന്ന സൂചനയുമുണ്ട്.

തൃശ്ശൂര്‍: മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത പ്രതി ധന്യാമോഹന്‍ ഓഹരി വിപണിയിൽ വൻ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസ്. രണ്ട് കോടിയോളം രൂപ റമ്മി കളിച്ച് കളഞ്ഞെങ്കിലും കുറച്ച് പണം തിരികെ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അതേസമയം, കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസിന് ആഗോളതലത്തിലുണ്ടായ തകരാറാണ് ധന്യയെ കുടുക്കിയതെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. വിൻഡോസ് തകരാറിലായപ്പോൾ ധന്യ അനധികൃതമായി നടത്തിയ ഒരു പണമിടപാടിന്റെ വിവരം കമ്പനിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് ധന്യയുടെ തട്ടിപ്പുകൾ പുറത്തറിഞ്ഞത്.

ധന്യ തട്ടിച്ചെടുത്ത പണം ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലൂടെ കുഴൽപ്പണ സംഘത്തിലേക്ക് എത്തിയെന്ന സൂചനയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എട്ട് അക്കൗണ്ടുകൾ വഴി 8,000ത്തോളം ഇടപാടുകളിലൂടെ ധന്യ 20 കോടി രൂപ തട്ടിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.തട്ടിപ്പ് നടത്താൻ ഉപയോഗിച്ച അഞ്ച് അക്കൗണ്ടുകൾ ധന്യയുടെ പേരിലുള്ള​താണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ 18 വര്‍ഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്. 2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

To advertise here,contact us