കൊപ്ര കമ്പനിക്ക് കേരഫെഡിന്‍റെ കൈത്താങ്ങ്; കരാര്‍ ലംഘിച്ചിട്ടും പച്ചത്തേങ്ങ സംഭരണത്തിന് പച്ചക്കൊടി

കേരഫെഡിന്‍റെ വഴിവിട്ട ഇടപാടിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

തിരുവനന്തപുരം: കരാര്‍ ലംഘിച്ച കൊപ്ര വിതരണ കമ്പനിക്ക് പച്ചത്തേങ്ങ സംഭരണത്തിന് കേര ഫെഡിന്‍റെ പച്ചകൊടി. കണ്ണൂരിലെ ഊമല നാളികേര ട്രേഡേഴ്‌സിനാണ് കേരഫെഡിന്‍റെ വഴിവിട്ട സഹായം. കരാര്‍ വ്യവസ്ഥ അനുസരിച്ച് 225.74 മെട്രിക് ടണ്‍ കൊപ്രയാണ് ഊമല കേരഫെഡിന് നല്‍കാനുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പച്ചത്തേങ്ങ സംഭരണ ചുമതല വീണ്ടും ഊമലയ്ക്ക് തന്നെയാണ് കേരഫെഡ് നല്‍കിയിരിക്കുന്നത്. കേരഫെഡിന്‍റെ വഴിവിട്ട ഇടപാടിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

സംഭരിക്കുന്ന പച്ചത്തേങ്ങയുടെ 30% കൊപ്രയായി തിരിച്ച് നല്‍കണമെന്നാണ് ഊമല നാളികേര ട്രേഡേഴ്സ്സും കേരഫെഡും തമ്മിലുള്ള കരാര്‍. ഇതനുസരിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 5904.23 മെട്രിക് ടണ്‍ കൊപ്രയാണ് ഊമല ട്രേഡേഴ്സ് സംഭരിച്ചത്. പക്ഷെ കേരഫെഡിന് ഊമല ട്രേഡേഴ്സ് തിരിച്ച് നല്‍കിയതാകട്ടെ 1492.39 മെട്രിക് ടണ്‍ കൊപ്ര മാത്രം. കരാര്‍ വ്യവസ്ഥ അനുസരിച്ച് 225.74 മെട്രിക് ടണ്‍ ക്രൊപ്രയുടെ കുറവാണുള്ളത്.

കൊപ്ര വിതരണത്തില്‍ ഊമല ട്രേഡേഴ്സ് വീഴ്ച്ച വരുത്തിയെന്ന് കേരഫെഡ് കണ്ടെത്തിയെങ്കിലും നിയമ നടപടി സ്വീകരിച്ചിട്ടില്ല. കരാര്‍ ലംഘിച്ച ഇതേ കമ്പനിക്ക് പച്ചത്തേങ്ങ സംഭരണത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് കേരഫെഡ്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പച്ചത്തേങ്ങാ സംഭരണ ചുമതല ഇപ്പോഴും ഊമല ട്രേഡേഴ്സ്സിന് തന്നെ. അതിനിടയില്‍ ഇളവ് ആവശ്യപ്പെട്ട് ഊമല ട്രേഡേഴ്സ് കേരഫെഡിനെ സമീപിച്ചു. സംഭരിക്കുന്ന പച്ചത്തേങ്ങയുടെ 27.5 % കൊപ്ര മാത്രമെ തിരിച്ച് നല്‍കാന്‍ കഴിയൂ എന്നാണ് ഊമലയുടെ നിലപാട്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേരഫെഡിന്‍റെ പക്ഷം.

To advertise here,contact us