അര്ജുനായുള്ള തിരച്ചില് നാളെ പുനരാരംഭിക്കും; ഡ്രഡ്ജര് എത്തിക്കുന്നത് വരെ ഡൈവ് ചെയ്ത് പരിശോധന

ഈശ്വര് മല്പെയുടെ നേതൃത്വത്തിലുള്ള സംഘവും നേവി ടീമും ട്രക്കിന്റെ സൂചനകള് ലഭിച്ച മേഖലയില് ഡൈവ് ചെയ്ത് തിരച്ചില് നടത്തും

ബെംഗളൂരു: അര്ജുനെ കണ്ടെത്താനുള്ള ഗംഗാവാലിയിലെ തിരച്ചില് നാളെ പുനരാരംഭിക്കും. സ്വാതന്ത്ര്യ ദിനം ആയതിനാല് ഇന്ന് തിരച്ചില് ഉണ്ടാവില്ല. തിങ്കളാഴ്ച ഗോവയില് നിന്നും ഡ്രജിങ് സംവിധാനം എത്തിക്കുന്നത് വരെ ഈശ്വര് മല്പെയുടെ നേതൃത്വത്തിലുള്ള സംഘവും നേവി ടീമും ട്രക്കിന്റെ സൂചനകള് ലഭിച്ച മേഖലയില് ഡൈവ് ചെയ്ത് തിരച്ചില് നടത്തും.

കഴിഞ്ഞ ദിവസത്തെ പരിശോധനയില് നിര്ണായകമായ സൂചനകള് ലഭിച്ചിട്ടും ഇന്ന് തിരച്ചില് നടത്തുന്നില്ല. സ്വാതന്ത്ര്യദിന പരേഡ് ഉള്പ്പെടെ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഒരു കാരണവശാലും തിരച്ചില് അവസാനിപ്പിക്കില്ലെന്നും ഇതോടൊപ്പം ജില്ലാ ഭരണകൂടം ഉറപ്പ് നല്കുന്നുണ്ട്. തിങ്കളാഴ്ച ഡ്രജര് എത്തുന്നതിനു മുന്പ് തന്നെ ട്രക്കിന്റെ ഭാഗങ്ങള് കണ്ടെത്താന് കഴിയുമെന്ന് ആത്മവിശ്വാസവും ഈശ്വര് മല്പെ പങ്കുവയ്ക്കുന്നു.

അര്ജുന്റെ ട്രക്കില് തടി കെട്ടാന് ഉപയോഗിച്ച കയറിന്റെ ഭാഗങ്ങള് കണ്ടെത്തിയത് ദൗത്യത്തില് നിര്ണായകമാണ്. കരയില് നിന്നും 50 അടി മാറി 30 അടി താഴ്ചയില് നിന്നാണ് കയറിന്റെ ഭാഗം കണ്ടെത്തിയത്. 10 അടി വ്യത്യാസത്തില് മൂന്നിടങ്ങളില് കയറിന്റെ ഭാഗമുണ്ടെന്നും ഈശ്വര് മാല്പെ വ്യക്തമാക്കുന്നു. ഇത് സൂചനയായി കണക്കാക്കിയാല് തീര്ച്ചയായും ഈ മേഖലയില് ട്രക്ക് ഉണ്ടാവാന് തന്നെയാണ് സാധ്യത. നാളെ മുതല് നടക്കുന്ന തിരച്ചില് പൂര്ണമായും ഈ മേഖല കേന്ദ്രീകരിച്ച് ആയിരിക്കും.

To advertise here,contact us