ധനകാര്യ സ്ഥാപനത്തിന്റെ 12.5 ലക്ഷം രൂപ പറ്റിച്ചെന്ന് പരാതി; മേജര് രവിക്കെതിരെ പൊലീസ് കേസെടുത്തു

കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.

തൃശ്ശൂര്: സംവിധായകൻ മേജർ രവിയ്ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. പന്ത്രണ്ടര ലക്ഷം രൂപ ധനകാര്യ സ്ഥാപനത്തെ പറ്റിച്ചെന്നാണ് പരാതി.

സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് പരാതിയില് പറയുന്നു. മേജർ രവിയുടെ തണ്ടർഫോഴ്സ് സ്ഥാപനത്തിൻ്റെ സഹഉടമകളെയും കേസില് പ്രതി ചേര്ത്തു. തണ്ടര്ഫോഴ്സ് എന്ന സ്ഥാപനം ഇന്ത്യയില് പല വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കും പ്രൈവറ്റ് സെക്യൂരിറ്റി സേവനങ്ങള് ചെയ്ത് നല്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. പണം നല്കുകയാണെങ്കില് സ്ഥാപനത്തിന് വേണ്ടി സ്ഥാപനത്തിലേക്ക് തിരിച്ചടവ് മുടക്കം വരുത്തുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങള് ശേഖരിച്ച് നല്കാമെന്നും സെറ്റില്മെന്റുകള് നടത്തി നല്കാമെന്നും സ്ഥാപനത്തിന്റെ സ്വത്തുവകകള്ക്ക് സുരക്ഷയൊരുക്കാമെന്നും പറഞ്ഞ് പണം പറ്റി. എന്നാല് സേവനങ്ങള് നല്കാതെയും പണം തിരികെ നല്കാതെയും വഞ്ചിച്ച് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.

മേജര് രവി, അനില്കുമാര്, അനില്കുമാര് നായര് എന്നിവര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ധനകാര്യ സ്ഥാപനം ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.

To advertise here,contact us