Reporter Impact: സഹകരണസംഘം ക്രമക്കേടിൽ പൊലീസ് നടപടിക്ക് തുടക്കം; രണ്ട് ദിവസത്തിനുള്ളിൽ 10 കേസ്

കഴിഞ്ഞ രണ്ടു ദിവസത്തിൽ പത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തത്

തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘം ക്രമക്കേടിൽ പൊലീസ് നടപടി. റിപ്പോർട്ടർ ചാനൽ നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ബിജെപി സംസ്ഥാന വക്താവായിരുന്ന എം എസ് കുമാർ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിൽ പത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തത്.

വായ്പ അനുവദിച്ചതിലും, ഏജന്റ് കമ്മീഷൻ നൽകിയതിലും, നിയമം പാലിക്കാതെ നടത്തിയ ഇടപാടുകളിലുമായി 32 കോടി രൂപയിലധികം നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. എം എസ് കുമാർ അടങ്ങുന്ന ഭരണ സമതി അംഗങ്ങളിൽ നിന്ന് പണം പലിശ സഹിതം ഈടാക്കണമെന്നും സഹകരണ വകുപ്പ് അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തലുകളുള്ളത്. അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ റിപ്പോർട്ടറിന് ലഭിച്ചിരുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ടിൽ മൗനം തുടർന്ന് സർക്കാർ; പരാതിയിൽ നടപടിയില്ല

ഭരണസമിതി ധൂർത്തും, ഭരണ കെടുകാര്യസ്ഥതയും കാരണം ബാങ്കിന് 29 കോടി രൂപയുടെ മൂല്യശോഷണം ഉണ്ടാക്കിയെന്നാണ് കണ്ടെത്തൽ. കളക്ഷൻ ഏജന്റുമാർക്ക് അനുവാദമില്ലാതെ കമ്മീഷൻ നൽകിയതുമൂലം ഉണ്ടായ നഷ്ടം 4.11 കോടി രൂപയാണ്. ജാമ്യ വ്യവസ്ഥ പാലിക്കാതെ തോന്നും പോലെ വായ്പ നൽകിയതിലൂടെ 19.89 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

To advertise here,contact us