സിബിഎസ്ഇ ഇന്റര് സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റ്; പഴുവിൽ ശ്രീ ഗോകുലം പബ്ലിക് സ്കൂൾ ആതിഥ്യം വഹിക്കും

സ്കൂൾ പ്രിൻസിപ്പാൾ അഭിലാഷ് കെ ആർ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്കൂൾ കറസ്പോണ്ടന്റ് ധനജ സലീഷ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീജ ബോസ് എന്നിവർ പങ്കെടുക്കും

തൃശ്ശൂര്: സെപ്റ്റംബർ 5, 6, 7 തീയതികളിലായി നടക്കുന്ന സിബിഎസ്ഇ (ക്ലസ്റ്റർ-10) ഇന്റർ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റിന് പഴുവിൽ ശ്രീഗോകുലം സ്കൂൾ ആതിഥ്യം വഹിക്കും. തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയത്തിൽവെച്ച് നടക്കുന്ന ടൂർണമെന്റ് സിബിഎസ്ഇ തൃശ്ശൂർ ജില്ലാ കോഡിനേറ്റർ ഡോ. എം ദിനേശ് ബാബു ഉദ്ഘാടനം ചെയ്യും. സ്കൂൾ പ്രിൻസിപ്പാൾ അഭിലാഷ് കെ ആർ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്കൂൾ കറസ്പോണ്ടന്റ് ധനജ സലീഷ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീജ ബോസ് എന്നിവർ പങ്കെടുക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള 592 കായികതാരങ്ങളാണ് വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കുന്നത്. അണ്ടർ-14, അണ്ടർ-17, അണ്ടർ-19 എന്നീ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ടായിരിക്കും. മറ്റ് ജില്ലകളിൽ നിന്നും എത്തിച്ചേരുന്ന കായികതാരങ്ങൾക്ക് താമസവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

എല്ലാവർഷവും സിബിഎസ്ഇ, സ്കൂളുകൾക്കായി ക്ലസ്റ്റർ / സോണൽ/ ദേശീയ തലങ്ങളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കായികരംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും യുവ താരങ്ങൾക്ക് ഉയർന്ന തലത്തിൽ മത്സരിക്കുന്നതിനുമുള്ള വേദികൂടിയാണ് ടൂർണ്ണമെന്റ് ഒരുക്കുന്നത്.

To advertise here,contact us