അന്വറിന്റെ ദൈവം സിപിഐഎമ്മിലെ ഉന്നതന്, ദാവൂദ് ഇബ്രാഹിം എന്നത് പിണറായി; കടന്നാക്രമിച്ച് ആര്എസ്പി

ചന്ദനം ചാരിയാല് ചന്ദനം മണക്കും ചാണകം ചാരിയാല് ചാണകം മണക്കും എന്നതിന്റെ ഉദാഹരണമാണിതെന്നും ഷിബു ബേബി ജോണ്

കൊല്ലം: പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്ക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പി ശശിക്കെതിരെയും ഗുരുതര ആരോപണം ഉയര്ത്തിയ നിലമ്പൂര് എംഎല്എ പി വി അന്വറിന് പിന്നില് സിപിഐഎമ്മിലെ ഉന്നത രാഷ്ട്രീയ നേതാവെന്ന് ആര്എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്. അന്വറിന് കൃത്യമായ സംരക്ഷണം കിട്ടുന്നുണ്ടാവും. അല്ലെങ്കില് സിപിഐഎമ്മില് നിന്നുകൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറിയെ വിമര്ശിക്കാന് ആരെങ്കിലും ധൈര്യപ്പെടുമോയെന്ന് ഷിബു ബേബി ജോണ് ചോദിച്ചു.

എം ആര് അജിത്കുമാറിന്റെ മാതൃകാ പുരുഷന് ദാവൂദ് ഇബ്രാഹിം എന്നാണ് പി വി അന്വര് പറഞ്ഞത്. ദാവൂദ് ഇബ്രാഹിം എന്ന് ഉദ്ദേശിച്ചത് പിണറായി വിജയനെ ആണെന്നതില് സംശയമില്ല. അതിന്റെ ഒത്തുതീര്പ്പാണ് നടന്നിരിക്കുന്നതെന്നും ഷിബു ബേബി ജോണ് പറഞ്ഞു.

ഭരണപക്ഷ എംഎല്എ തൊടുത്തുവിട്ട ആരോപണങ്ങളില് ചരിത്രത്തിലില്ലാത്ത അധഃപതനം പാര്ട്ടി നേരിടുകയാണ്. പി വി അന്വറിന്റെ വിശ്വാസ്യതയെ കുറിച്ച് സംശയമുണ്ടായിരുന്ന ഒരാളായിരുന്നു താന്. വായില് തോന്നുന്ന എന്തും വിളിച്ചു പറയും. പിണറായി വിജയന് വേണ്ടി ആരെയും ആക്ഷേപിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള് ഉന്നയിക്കുന്ന ഒരാളാണ് പി വി അന്വർ. പ്രശ്നത്തിന്റെ തുടക്കം കണ്ടപ്പോള് തനത് ശൈലിയെന്നാണ് വിചാരിച്ചത്. എന്നാല് മുഖ്യമന്ത്രിയുടെ തീരുമാനം കണ്ടപ്പോഴാണ് ആക്ഷേപങ്ങളില് കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടത്. മുഖ്യമന്ത്രിക്ക് എന്തൈാക്കെയോ മറയ്ക്കാന് ഉണ്ട്. ഭയപ്പെടേണ്ട സാഹചര്യമുണ്ട്. പി വി അന്വറിനെയും ഉദ്യോഗസ്ഥരെയും കൈവിടാന് പറ്റാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയെന്നും ഷിബു ബേബി ജോണ് ആരോപിച്ചു.

സുജിത് ദാസിന്റെ ഫോണ് സന്ദേശം മലയാളിയെ ലജ്ജിപ്പിച്ചു. ആ ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്യാന് മുഖ്യമന്ത്രിക്ക് ഭയമാണ്. ഭീരുവാണ് അദ്ദേഹം. ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നിയമപാലനത്തിനല്ല ഉപയോഗിച്ചത്. വ്യക്തിതാല്പര്യം സംരക്ഷിക്കാന് ഉദ്യോഗസ്ഥരെ ഉപയോഗിച്ചു. ശിവശങ്കറിന്റെയും എംആര് അജിത്കുമാറിന്റെയും പേരില് നേരത്തെ ഇത്രയധികം ആക്ഷേപങ്ങള് ഉണ്ടായിരുന്നില്ല. ചന്ദനം ചാരിയാല് ചന്ദനം മണക്കും ചാണകം ചാരിയാല് ചാണകം മണക്കും എന്നതിന്റെ ഉദാഹരണമാണിതെന്നും ഷിബു ബേബി ജോണ് പരിഹസിച്ചു.

To advertise here,contact us