കീഴൂർ ഹാർബറിൽ കാണാതായ യുവാവിനെ തിരഞ്ഞ് ഈശ്വർ മാൽപെയും; ഫലം കാണാതെ പിന്നിട്ട് ആറാം ദിനവും

ശനിയാഴ്ച പുലർച്ചെയാണ് ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിനെ കാണാതായത്.

കാസർകോട്: കാസർകോട് കീഴൂർ ഹാർബറിന് സമീപം കാണാതായ യുവാവിനായുള്ള തിരച്ചിലിനായി ഈശ്വർ മാൽപെയും സംഘവും. പ്രദേശത്ത് 25 അടി താഴ്ചയുണ്ടെന്നും ആദ്യ ഘട്ട തെരച്ചിലിൽ യുവാവിനെ കണ്ടെത്താനായില്ലെന്നും മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിനെ കാണാതായത്.

700 മീറ്ററോളം താഴ്ചയിൽ അന്വേഷിച്ചൂ. യുവാവിനെ കണ്ടെത്താനായില്ല. അഞ്ച് ദിവസം പിന്നിട്ടതിനാൽ യുവാവ് മരണപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത. ഈ സാഹചര്യത്തിൽ യുവാവ് വീണുവെന്ന് പറയപ്പെടുന്ന സ്ഥലത്തുനിന്നും ദൂരേക്ക് മൃതദേഹം നീങ്ങിയിട്ടുണ്ടാകാനാണ് സാധ്യതയെന്നും മാൽപെ പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്ന റിയാസ് ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. ശനിയാഴ്ച മീൻ പിടിക്കാനെത്തിയ റിയാസ് ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്നതോടെയാണ് കുടുംബം അന്വേഷണത്തിനായെത്തിയത്. പ്രദേശത്ത് നിന്നും റിയാസിന്റെ ബാഗും വാഹനവും കുടുംബം കണ്ടെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസവും തുടർച്ചയായി പ്രദേശവാസികളും കുടുംബവും തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.

മുങ്ങൽ വിദഗ്ധരെ ഉൾപ്പെടെ സ്ഥലത്തെത്തിച്ച് തിരച്ചിൽ നടത്തണമെന്ന് നേരത്തെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാൽപെയും സംഘവും സ്ഥലത്തെത്തിയത്.

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിലിനും ഈശ്വർ മാൽപെയും സംഘവുമെത്തിയിരുന്നു.

To advertise here,contact us