'മുഖ്യമന്ത്രി ക്രിമിനലുകളുടെ അങ്കിൾ'; ജനങ്ങൾ ആരെ വിശ്വസിക്കുമെന്ന് പിഎംഎ സലാം

പൊലീസ് സ്റ്റേഷനിൽ ഇതാണ് ഗതിയെങ്കിൽ സാധാരണ ജനങ്ങൾക്ക് എങ്ങനെ നീതി കിട്ടുമെന്നും അദ്ദേഹം ചോദിച്ചു

മലപ്പുറം: മുഖ്യമന്ത്രി ക്രിമിനലുകളുടെ അങ്കിളാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും പൊലീസിനെതിരായ ആരോപണങ്ങൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അവസാനത്തേതും അല്ല. പൊലീസ് സ്റ്റേഷനിൽ ഇതാണ് ഗതിയെങ്കിൽ സാധാരണ ജനങ്ങൾക്ക് എങ്ങനെ നീതി കിട്ടുമെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾ ആരെ വിശ്വസിക്കുമെന്ന് ചോദിച്ച സലാം സർക്കാരും ആഭ്യന്തര വകുപ്പും കോപ്രായങ്ങൾ കാണിക്കുകയാണെന്നും ആരോപിച്ചു.

എല്ലാ ക്രിമിനലുകളുടെയും അങ്കിൾ ആണ് മുഖ്യമന്ത്രി. സുജിത് ദാസിനെതിരെ നേരത്തെ ഉയർന്നുവന്ന പരാതികളിൽ സർക്കാർ ഒന്നും ചെയ്തില്ല. മുഖ്യമന്ത്രിയും എംഎൽഎയും സംസാരിച്ചാൽ എല്ലാം സെറ്റിൽമെൻ്റ് ആക്കാനാവില്ല. സ്ത്രീ പരാതി നൽകിയിട്ട് എന്താണ് എഫ്ഐആർ ഇടാത്തത്? ആരോപണ വിധേയനായ വ്യക്തി മുട്ടുന്യായം പറയുകയല്ല വേണ്ടത്. സിനിമാ രംഗത്ത് പരാതികൾ ഉള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് വർഷങ്ങളോളം പൂഴ്ത്തി വെച്ചു. ആരോപണ വിധേയരായ ആളുകളെ മാറ്റി നിർത്തണം. സ്വതന്ത്രമായ അന്വേഷണം നടക്കണം. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. സംസ്ഥാന സർക്കാരിന് ഇടപെടൽ നടത്താൻ പറ്റാത്ത ഏജൻസി കേസ് അന്വേഷിക്കണം. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. കാസിം അല്ല പ്രതി എന്ന് കണ്ടെത്തിയ സ്ഥിതിക്ക് യഥാർത്ഥ പ്രതിയെ കണ്ടെത്തണം. പൊലീസ് കള്ളക്കളി നടത്തുകയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. പൊലീസിൻ്റെ ഈ നീക്കം തുടർന്നാൽ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും പിഎംഎ സലാം പറഞ്ഞു.

മലപ്പുറം മുന് എസ്പി സുജിത് ദാസ്, തിരൂര് മുന് ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന് സി ഐ വിനോദ് എന്നിവര് ചൂഷണം ചെയ്തുവെന്ന പരാതിയുമായി യുവതി രമഗത്തെത്തിയിരുന്നു. പൊലീസ് ഉന്നതര് പരസ്പരം മാറിമാറിയായിരുന്നു പീഡനമെന്നാണ് യുവതി റിപ്പോര്ട്ടറിനോട് വെളിപ്പെടുത്തിയത്. 2022-ല് മലപ്പുറം ജില്ലയിലാണ് ഈ കൊടുംക്രൂരത നടന്നത്. വസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാനായിരുന്നു യുവതി പൊലീസിനെ സമീപിച്ചത്. പൊന്നാനി സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില് പറയുന്നത്. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല് മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല് സുജിത് ദാസ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്.

സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലിലുണ്ട്. സുജിത് ദാസും പരാതി അട്ടിമറിച്ചു. കൊന്നുകളയുമെന്നായിരുന്നു ഭീഷണി. കസ്റ്റംസ് ഓഫീസര്ക്കും വഴങ്ങിക്കൊടുക്കണമെന്ന് നിര്ബന്ധിച്ചു. അവിടെനിന്ന് താന് രക്ഷപ്പെട്ട് ഓടുകയായിരുന്നു. തന്റെ പരാതിയില് ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചതെന്നും യുവതി റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു. സംഭവത്തില് യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയിട്ടുണ്ട്.

To advertise here,contact us