'പി കെ ശശിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് നീച പ്രവർത്തി'; രൂക്ഷമായി വിമർശിച്ച് എം വി ഗോവിന്ദൻ

സിപിഐഎം ജില്ലാ സെക്രട്ടറിയെ അനാവശ്യ വിവാദങ്ങളിൽ പ്രതിയാക്കാൻ ശ്രമിച്ചുവെന്നും വിമർശനം

പാലക്കാട്: മുൻ എംഎൽഎയായ പി കെ ശശിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമർശനം. ശശിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് നീച പ്രവർത്തിയാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. ഇന്നലെ പാലക്കാട് നടന്ന മേഖല റിപ്പോർട്ടിങ്ങിലായിരുന്നു കടുത്ത വിമർശനവുമായി സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയത്. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരെ ഉയർന്ന പരാതി, സിപിഐഎം ജില്ലാ സെക്രട്ടറിയെ അനാവശ്യ വിവാദങ്ങളിൽ പ്രതിയാക്കാന് ശ്രമിച്ചുവെന്നും വിമർശനമുയർന്നു.

പി കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളും പി കെ ശശിക്ക് നഷ്ടമായി. പാര്ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിക്ക് ഇനി പാര്ട്ടിയുടെ പ്രാഥമിക അംഗത്വം മാത്രമാണ് ഉണ്ടാവുക. പി കെ ശശിക്കെതിരെ നടത്തിയ അന്വേഷണത്തില് ഗുരുതര അച്ചടക്ക ലംഘനമാണ് പാര്ട്ടി കണ്ടെത്തിയത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന് പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില് ഉയര്ന്ന പ്രധാന വിമര്ശനം. പി കെ ശശിയുടെ പ്രവര്ത്തനം പാര്ട്ടിയോട് ചര്ച്ച ചെയ്യാതെയാണെന്നും മണ്ണാര്ക്കാട് യൂണിവേഴ്സല് സഹകരണ കോളേജിനായി പണം പിരിച്ചത് പാര്ട്ടിയെ അറിയിച്ചില്ലെന്നും പാര്ട്ടി വിമര്ശിച്ചിരുന്നു

ഏരിയ കമ്മിറ്റി ഓഫീസ് നിര്മ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഗുരുതരമായ വീഴ്ച്ചയാണ്. പാര്ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള് വ്യക്തിഗത താല്പര്യങ്ങള്ക്ക് ഉപയോഗിച്ചു. സഹകരണ ബാങ്കുകളില് ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയില് വിമര്ശനം ഉയര്ന്നിരുന്നു.

To advertise here,contact us