പി എം ആര്‍ഷോയുടെ എംഎ പ്രവേശനം; വ്യവസ്ഥ ലംഘിച്ചെന്ന് പരാതി

സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കും നിവേദനം നല്‍കി.

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് വ്യവസ്ഥ ലംഘിച്ച് എംഎ പ്രവേശനം നല്‍കിയെന്ന് ആരോപണം. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കും നിവേദനം നല്‍കി.

മഹാരാജാസില്‍ 5 വര്‍ഷ ആര്‍ക്കിയോളജി ഇന്റഗ്രറ്റഡ് കോഴ്‌സില്‍ പ്രവേശനം നേടിയ ആര്‍ഷോയ്ക്കു ആറാം സെമസ്റ്റര്‍ പാസാകാതെ ഏഴാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയെന്നാണ് പരാതി. 5, 6 സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്നിരിക്കെ ആര്‍ഷോയ്ക്ക് 10 ശതമാനം ഹാജര്‍ മാത്രമാണുള്ളതെന്ന് പരാതിയില്‍ പറയുന്നു.

നിശ്ചിത ശതമാനം ഹാജരില്ലാത്ത ആര്‍ഷോയെ പി ജി ക്ലാസില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടി വേണമെന്നും ആര്‍ഷോയെ കോളേജില്‍ നിന്നും പുറത്താക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

എന്നാല്‍ ഇന്റഗ്രേറ്റഡ് കോഴ്‌സ് സംബന്ധിച്ച അഞ്ജത മൂലമുള്ള ആരോപണം ആണെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.

To advertise here,contact us