മുണ്ടക്കൈ ദുരന്തം: വയനാട്ടിലാകെ എന്തോ കുഴപ്പം എന്ന പ്രതീതിയുണ്ടായെന്ന് മന്ത്രി റിയാസ്

വയനാട് ടൂറിസത്തെ കൈപിടിച്ചുയര്‍ത്തുക എന്നാല്‍ അവിടത്തെ ജനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതുപോലെയെന്നും മുഹമ്മദ് റിയാസ്

വയനാട്: മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടിലാകെ എന്തോ കുഴപ്പം എന്ന പ്രതീതിയുണ്ടായെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദുരന്തം ചെറുകിട കച്ചവടക്കരെ മുതല്‍ റിസോര്‍ട്ട് നടത്തിപ്പുകാരെവരെ ബുദ്ധിമുട്ടിലാക്കി. വയനാട്ടിലെ ടൂറിസത്തെ കൈപിടിച്ചുയര്‍ത്താന്‍ എല്ലാവരും ഒരുമിക്കണം. വയനാട് ടൂറിസത്തെ കൈപിടിച്ചുയര്‍ത്തുക എന്നാല്‍ അവിടത്തെ ജനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതുപോലെയെന്നും മുഹമ്മദ് റിയാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെ വയനാട് ദുരന്തം എന്നാണ് അറിഞ്ഞും അറിയാതെയും പലരും വിശേഷിപ്പിക്കുന്നത്. ഇതേ തുടര്‍ന്ന് വയനാട്ടില്‍ ആകെ പ്രശ്‌നമെന്ന പ്രതീതിയുണ്ടായി. വയനാട് ജില്ലയില്‍, വയനാട് എന്നൊരു സ്ഥലം ഇല്ലെന്ന് നമുക്കറിയാം. വയനാട്ടിലെ പതിനഞ്ചോളം ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ചൂരല്‍മലയില്‍ നിന്ന് എത്രത്തോളം ദൂരെയാണെന്ന് വ്യക്തമാകും. ദുരന്തത്തിന് ശേഷം കേരളത്തിലേയ്ക്ക് പേകേണ്ടതില്ല എന്ന രീതിയില്‍ സംസ്ഥാനത്തിന് പുറത്തും പ്രചാരണമുണ്ടായി. റിസോര്‍ട്ടുകളിലെ ബുക്കിങ്ങില്‍ ചെറിയ രീതിയില്‍ കുറവുണ്ടായി. അത് മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വയനാട്ടില്‍ തേന്‍നെല്ലിക്ക കച്ചവടം നടത്തുന്നവര്‍ മുതല്‍ റിസോര്‍ട്ട് നടത്തുന്നവര്‍ വരെ ബുദ്ധിമുട്ടിലായി. വയനാടിനെ കൈപിടിച്ച് ഉയര്‍ത്തേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. അതിന്റെ ഭാഗമായാണ് എന്റെ കേരളം, എന്നും സുന്ദരം എന്ന ക്യാംപെയ്ന്‍ ആരംഭിച്ചത്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വയനാട് ഉള്‍പ്പെടെ കേരളത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളേയും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ വയനാട്ടിലുണ്ട്. വയനാട് സുരക്ഷിതമാണെന്ന് ജനങ്ങള്‍ അറിയണം. വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

To advertise here,contact us