'പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല ഒരിക്കലും'; മോഹൻലാൽ

മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും

നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് നടൻ മോഹൻലാൽ. കവിയൂർ പൊന്നമ്മയ്ക്കൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ജീവിക്കുക തന്നെയായിരുനെന്നും മോഹൻലാൽ. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചാണ് മോഹൻലാൽ ദുഃഖം പങ്കുവെച്ചത്.

'അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു.

എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു'. മോഹൻലാൽ പറഞ്ഞു.

കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പു'മെന്നും മോഹനലാൽ കുറിപ്പില്‍ പറയുന്നു.

മലയാള സിനിമാലോകം മുഴുവന്‍ കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. അമ്മ എന്ന വാക്കിന്‍റെ മുഖമായി മാറിയ നടിയായിരുന്നു പൊന്നമ്മയെന്നും അവരുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്നും എല്ലാവരും പറയുന്നു. പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികളെന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കവിയൂര്‍ പൊന്നമ്മ. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാളെയായിരിക്കും പൊതുദര്‍ശനം.

20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു. 1960കള്‍ മുതല്‍ 2022 വരെയുള്ള വരെയുള്ള അര നൂറ്റാണ്ടിലേറെ കാലം സിനിമയില്‍ നിറഞ്ഞുനിന്ന പൊന്നമ്മ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

To advertise here,contact us