പാർലമെന്റില്‍ ഉന്നയിക്കുമെന്ന് ഹൈബി ഈഡൻ എംപി ഉറപ്പ് നൽകി, നിയമനടപടിയെ കുറിച്ച് ആലോചിച്ചില്ല: അന്നയുടെ അച്ഛൻ

ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് കത്തെഴുതിയതെന്നും അന്നയുടെ അച്ഛൻ

കൊച്ചി: മകളുടെ മരണ വിവരം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഹൈബി ഈഡന്‍ എംപി ഉറപ്പ് നല്‍കിയെന്ന് ചാറ്റേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ പിതാവ്. നിയമനടപടിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് കത്തെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വ്യവസായ വകുപ്പ് മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്നയുടെ വീട് സന്ദര്‍ശിച്ചു.

ജൂലൈ 20നായിരുന്നു താമസിക്കുന്ന സ്ഥലത്ത് അന്ന കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് പിതാവും പ്രതികരിച്ചിരുന്നു. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന ഗുരുതര ആരോപണവും പിതാവ് ഉന്നയിച്ചിരുന്നു.

എന്നാല്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ ഖേദം പ്രകടിപ്പ് രാജീവ് മേമാനി രംഗത്തെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് സംസ്‌കാരത്തിന് ചേരാത്ത പ്രവര്‍ത്തിയാണെന്നും മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. ജീവനക്കാരുടെ ക്ഷേമത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുമെന്നും ജീവനക്കാര്‍ക്കെല്ലാം ആരോഗ്യകരമായ തൊഴിലിടം ഉറപ്പാക്കുമെന്നും രാജീവ് മേമാനി വ്യക്തമാക്കി.

To advertise here,contact us