മലയാള സിനിമയുടെ അമ്മ മുഖം മാഞ്ഞു; ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി നാട്

ഇന്നലെ വൈകിട്ടായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വിയോഗം

കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയ്ക്ക് വിട. ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്ഥാന ചടങ്ങുകള്‍ നടന്നു. രാവിലെ എറണാകുളം കളമശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൌതിക ശരീരത്തില്‍ സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ എത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.

ഇന്നലെ വൈകിട്ടായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ അമ്മ മുഖമായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. നാടകത്തില്‍ നിന്നായിരുന്നു സിനിമാ ലോകത്തേയ്ക്ക് എത്തിയത്.

തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ 'മൂലധന'മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്. കുടുംബിനി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി മുന്‍നിര നായകന്മാരുടെയെല്ലാം അമ്മയായി കവിയൂര്‍ പൊന്നമ്മ തിളിങ്ങി. 2021 ല്‍ പുറത്തിറങ്ങിയ ആണും പെണ്ണുമാണ് കവിയൂര്‍ പൊന്നമ്മയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

To advertise here,contact us