ഇത്രയധികം സ്നേഹവും വാത്സല്യവും നന്മയും നിറഞ്ഞ ഒരു അമ്മ രൂപം ഇനി നമുക്കില്ല: മനോജ് കെ ജയൻ

'മലയാളത്തിൻ്റെ ‘പൊന്ന്’ അമ്മ യാത്രയായി'

നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ മനോജ് കെ ജയൻ. സത്യൻ, നസീർ തുടങ്ങി മലയാളം കണ്ട എല്ലാ നായകന്മാരുടെയും അമ്മയായി അഭിനയിച്ച നടി കുടുംബസമേതം എന്ന സിനിമയിൽ തന്റെയും അമ്മയായി അഭിനയിച്ചു. അതൊരു മഹാഭാഗ്യമാണ് കാണുന്നത് എന്ന് മനോജ് കെ ജയൻ പറഞ്ഞു. ഇത്രത്തോളം സൗന്ദര്യവും കരുണയും സ്നേഹവും വാത്സല്യവും നന്മയും നിറഞ്ഞ ഒരു അമ്മ രൂപം ഇനി നമുക്കിലെന്നും അദ്ദേഹം കുറിച്ചു.

'മലയാളത്തിൻ്റെ ‘പൊന്ന്’ അമ്മ യാത്രയായി. സത്യൻ മാഷിന്റെയും നസീർസാറിന്റെയും അമ്മയായി തുടങ്ങി മലയാളം കണ്ട എല്ലാ നായകന്മാരുടെയും അമ്മയായി അഭിനയിച്ച പൊന്നമ്മ ചേച്ചി ‘കുടുംബസമേതത്തിൽ’ എൻ്റെ അമ്മയായി അഭിനയിച്ചു. അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു മഹാഭാഗ്യമായി ഞാൻ എന്നും കരുതുന്നു. ഇത്രയധികം സൗന്ദര്യവും കരുണയും സ്നേഹവും വാത്സല്യവും നന്മയും നിറഞ്ഞ ഒരു അമ്മ രൂപം ഇനി നമുക്കില്ല. നിറഞ്ഞ വേദനയോടെ ചേച്ചിക്ക് ആദരാഞ്ജലികൾ നേരുന്നു… പ്രണാമം,' എന്ന് മനോജ് കെ ജയൻ കുറിച്ചു.

മലയാള സിനിമാലോകം മുഴുവന്‍ കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. അമ്മ എന്ന വാക്കിന്‍റെ മുഖമായി മാറിയ നടിയായിരുന്നു പൊന്നമ്മയെന്നും അവരുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്നും എല്ലാവരും പറയുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കവിയൂര്‍ പൊന്നമ്മ. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാളെയായിരിക്കും പൊതുദര്‍ശനം.

20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു. 1960കള്‍ മുതല്‍ 2022 വരെയുള്ള വരെയുള്ള അര നൂറ്റാണ്ട് കാലത്തോളം സിനിമയില്‍ നിറഞ്ഞുനിന്ന പൊന്നമ്മ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

To advertise here,contact us