കണ്ടല ബാങ്ക് ക്രമക്കേട്: ഭാസുരാംഗനും മകനും ജാമ്യമില്ല

കേസിന്റെ ഗൗരവം പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി.

കൊച്ചി: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന് ജാമ്യമില്ല. ഭാസുരാംഗന്റെയും മകന്റെയും ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. മാസങ്ങളായി ഭാസുരാംഗനും മകനും കാക്കനാട് ജയിലിലാണ്.

കേസിന്റെ ഗൗരവം പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കേസുകള്‍ക്ക് ജാമ്യം നല്‍കുന്നതിന് പരിമിതികളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

സുപ്രീം കോടതി ഉത്തരവുകളടക്കം നിരത്തിയായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ഇവ കണക്കിലെടുക്കാതെയായിരുന്നു ഹൈക്കോടതിയുടെ നടപടി.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില് കണ്ടെത്തിയത്. 2005 മുതല്‍ 2021 ഡിസംബര്‍ വരെ നിക്ഷേപത്തില്‍ നിന്ന് വകമാറ്റിയാണ് 101 കോടി ചെലവഴിച്ചത്. ഭാസുരാംഗനായിരുന്നു 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. നൂറുകണക്കിന് ആളുകളാണ് നിക്ഷേപം തിരിച്ചുകിട്ടാതെ കഷ്ടപ്പെട്ടത്. വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആണ് ബാങ്കില്‍ നടന്നത്. ഭാസുരാംഗന്‍ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു. ഭാസുരാംഗന്‍ പണം തട്ടിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു.

To advertise here,contact us