എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും

മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നാരോപിച്ചാണ് ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും.കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഉപദേശക സമിതിയുടേതാണ് തീരുമാനം. കേരള അനാട്ടമി ആക്ട് പ്രകാരമാണ് തീരുമാനം.

പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനായിരുന്നു തീരുമാനം.കഴിഞ്ഞ ദിവസം എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഷയത്തില്‍ മെഡിക്കല്‍ കോളേജ് ഉപദേശക സമിതിക്ക് തീരുമാനമെടുക്കാന്‍ അനുവൈാദവും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളില്‍ നിന്ന് തേടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ലോറൻസിന്റെ മക്കളുടെ വാദങ്ങൾ വിശദമായി കേട്ടുവെന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ് പറഞ്ഞു. വൈദ്യപഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകൻ എം എൽ സജീവൻ ആവർത്തിച്ചു. രണ്ട് സാക്ഷികളും ഇതേ നിലപാട് എടുത്തു. മകൾ സുജാത കൃത്യമായി നിലപാട് എടുത്തില്ല. മകൾ ആശ എതിർപ്പ് ആവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഡ്വ അരുൺ ആൻ്റണിയും എബിയും ആണ് സാക്ഷികൾ.

കളമശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പല്‍ പ്രതാപ് സോമനാഥ്. പ്രിൻസിപ്പൽ, ഫോറൻസിക്ക് വിഭാഗം മേധാവി, അനാട്ടമി മേധാവി, സൂപ്രണ്ട്, വിദ്യാർത്ഥി പ്രതിനിധി എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.

To advertise here,contact us