ഔചിത്യപൂര്‍വ്വം തീരുമാനം എടുക്കേണ്ടത് അവനവന്‍; മുകേഷിനെ പിന്തുണയ്ക്കാതെ പി കെ ശ്രീമതി

തെറ്റുകാരന്‍ ആണോ അല്ലയോ എന്ന് മുകേഷിന് അറിയാമെന്നും പി കെ ശ്രീമതി

തിരുവനന്തപുരം: ലൈംഗികാതിക്രമകേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുകേഷ് എംഎല്‍എയെ പിന്തുണയ്ക്കാതെ പി കെ ശ്രീമതി. എംഎല്‍എ സ്ഥാനം രാജിവെക്കണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണ്. ഔചിത്യപൂര്‍വ്വം തീരുമാനം എടുക്കേണ്ടത് അവനവന്‍ ആണെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുകേഷ് ഇപ്പോള്‍ കുറ്റാരോപിതന്‍ മാത്രമാണ്. തെറ്റുകാരന്‍ ആണോ അല്ലയോ എന്ന് മുകേഷിന് അറിയാം. രാജി സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മുകേഷ് ആണെന്നും പി കെ ശ്രീമതി പറഞ്ഞു.

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ കഴിഞ്ഞദിവസമാണ് പ്രത്യേക അന്വേഷണസംഘം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചത്.

മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ മുകേഷ് രാജി വെക്കേണ്ടതില്ലെന്നായിരുന്നു പി കെ ശ്രീമതിയുടെ നിലപാട്. ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് നിയമത്തില്‍ പറയുന്നില്ല. ഔചിത്യത്തോടെ കാര്യങ്ങളെ കാണണമെന്നുമായിരുന്നു പി കെ ശ്രീമതി പ്രതികരിച്ചത്.

To advertise here,contact us