REPORTER BIG IMPACT: ഇനി ആഘോഷ നാളുകള്‍; ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തുമെന്ന് മന്ത്രി, നന്ദി പറഞ്ഞ് നാട്ടുകാർ

ചാമ്പ്യന്‍സ് ലീഗും നടത്തുമെന്ന മന്ത്രിയുടെ പ്രതികരണം ബോട്ട് ക്ലബുകാര്‍ക്ക് ആശ്വാസകരം

ആലപ്പുഴ: ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തും. ഇതിനായി എല്ലാ ഇടപെടലും ടൂറിസം വകുപ്പ് നടത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. റിപ്പോർട്ടർ ടിവിയുടെ വള്ളംകളി വിളംബര യാത്ര പ്രത്യേക പരിപാടിയിലായിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നെഹ്‌റു ട്രോഫി വള്ളം കളിക്ക് മൂന്ന് നാള്‍ മാത്രം ശേഷിക്കെ ചാമ്പ്യന്‍സ് ലീഗും നടത്തുമെന്ന മന്ത്രിയുടെ പ്രതികരണം ബോട്ട് ക്ലബുകള്‍ക്ക് ആശ്വാസകരമാണ്.

'മാസങ്ങളോളം തയ്യാറെടുപ്പ് വേണ്ട, ടൂറിസത്തിന്റെ പ്രധാന പരിപാടിയാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ്. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മാറ്റിയത്. സിബിഎല്‍ സംഘടിപ്പിക്കണമെന്നാണ് ടൂറിസം വകുപ്പിന്റെ നിലപാട്. അത് സംഘടിപ്പിക്കാനുള്ള ഇടപെടല്‍ നടത്തും. ചാമ്പ്യന്‍ ബോട്ട് ലീഗുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. സിബിഎല്‍ സംഘടിപ്പിക്കണമെന്ന് തന്നെയാണ് തീരുമാനം. ധനകാര്യവകുപ്പ് മന്ത്രിയുമായി സംസാരിച്ചിരുന്നു. ഇനി ബോര്‍ഡിന് മുന്നില്‍ ഇക്കാര്യം ഉന്നയിക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഗംഭീരമായി നടത്താനുള്ള എല്ലാ ഇടപെടലുകളും നടത്തും', മന്ത്രി പറഞ്ഞു.

ലക്ഷങ്ങള്‍ ചെലവാക്കി പരിശീലനം നടത്തിയതിനാല്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തണമെന്ന് വിവിധ വള്ളസമിതികളും ക്ലബുകളും ആവശ്യപ്പെട്ടിരുന്നു. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന 28-ന് മുന്‍പുതന്നെ സിബിഎല്‍ നടത്തുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ക്ലബുകളും ആവശ്യപ്പെട്ടിരുന്നു.

To advertise here,contact us