'സിപിഐഎമ്മുകാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കയറി ചെല്ലാന്‍ കഴിയുന്നില്ല'; വയനാട് ജില്ലാ സെക്രട്ടറി ഗഗാറിന്‍

പി വി അന്‍വറിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗഗാറിന്‍ നടത്തിയത്.

കല്‍പ്പറ്റ: സംസ്ഥാനത്തെ പൊലീസിനെ കുറിച്ച് പി വി അന്‍വറിന് സമാനമായ അഭിപ്രായ പ്രകടനം നടത്തി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. എല്ലാ പൊലീസുകാരും സര്‍ക്കാര്‍ നയം നടപ്പാക്കുന്നവരല്ലെന്നാണ് വിമര്‍ശനം. സിപിഐഎമ്മുകാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കയറി ചെയ്യാന്‍ കഴിയില്ലെന്നത് ശരിയാണ്. പല പൊലീസുകാരും വകതിരിവില്ലാത്തവരാണ്. അതിന്റെ ഹെഡ് ഓഫിസ് എഡിജിപിയാണെന്നും അദ്ദേഹം പറഞ്ഞു.എഡിജിപിയുടെ പെരുമാറ്റത്തില്‍ തന്നെ പൊലീസ് സേനയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അന്‍വര്‍ ഉന്നയിച്ച ആരോപണം ശരിയാണെങ്കില്‍ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ഗഗാറിന്‍ പറഞ്ഞു.

പി വി അന്‍വറിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗഗാറിന്‍ നടത്തിയത്. അന്‍വര്‍ 10 തവണ ജനിച്ചാലും സിപിഐഎമ്മിനെ മനസ്സിലാക്കാന്‍ കഴിയില്ലെന്നായിരുന്നു വിമര്‍ശനം. അന്‍വറിന് ക്വാളിറ്റിയില്ലെന്ന് മനസിലാക്കി തന്നെയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രവേശിപ്പിക്കാത്തത്. സ്വര്‍ണക്കടത്തുകാരെ പിടിക്കുമ്പോള്‍ അന്‍വര്‍ എന്തിന് വികാരം കൊള്ളുന്നു. മലപ്പുറത്ത് സമീപകാലത്ത് നന്നായി സ്വര്‍ണം പിടിച്ചു. അതിന് അന്‍വര്‍ എന്തിന് പൊട്ടിത്തെറിക്കുന്നു. കൊണ്ടുവന്ന സ്വര്‍ണത്തെ കുറിച്ച് അടക്കം കൃത്യമായ കണക്ക് അന്‍വര്‍ പറയുന്നു. സ്വര്‍ണം കടത്തുന്നവരെ പിടിക്കുമ്പോള്‍ അന്‍വറിന് പൊള്ളുന്നു. അന്‍വറിനെ പോലെ സ്വര്‍ണക്കടത്തിനോ സാമ്പത്തിക ലാഭത്തിനോ വേണ്ടി പൊതുപ്രവര്‍ത്തനം നടത്തുന്നവരല്ല സിപിഐഎം പ്രവര്‍ത്തകരെന്നും ഗഗാറിന്‍ പറഞ്ഞു.

അന്‍വര്‍ ലക്ഷ്യം വയ്ക്കുന്നത്. മുഖ്യമന്ത്രിയെ തന്നെയാണ്. മുഹമ്മദ് റിയാസ് മരുമകന്‍ ആയതിനാല്‍ അദ്ദേഹത്തെ ആക്രമിക്കുന്നു. അന്‍വറിന് മാനസിക നില തെറ്റി. അതിന്റെ കാരണം സ്വര്‍ണമാണോ എന്ന് സംശയിച്ചാല്‍ ആരെയും കുറ്റപ്പെടുത്താനാകില്ലെന്നും ഗഗാറിന്‍ കൂട്ടിച്ചേര്‍ത്തു.

To advertise here,contact us