എറണാകുളം ജില്ലയില്‍ എം പോക്‌സ് സ്ഥിരീകരിച്ചു; യുഎഇയില്‍ നിന്ന് വന്ന യുവാവിന് രോഗം

എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു

കൊച്ചി: എറണാകുളം ജില്ലയില്‍ എം പോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം സ്വദേശിയാണ് യുവാവ്.

എന്താണ് എംപോക്‌സ്?

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

രോഗം പകരുന്ന രീതി

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

To advertise here,contact us