പുന്നമടയിൽ ഇത് പുതുചരിത്രം; ജലരാജാവായി കാരിച്ചാൽ ചുണ്ടൻ, അഞ്ചാം തവണയും ട്രോഫി നേടി പള്ളാത്തുരുത്തി

19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മാറ്റുരച്ചത്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാക്കന്മാരായി കാരിച്ചാൽ ചുണ്ടൻ. ഇനി ഒരു കൊല്ലം നെഹ്റു ട്രോഫി കാരിച്ചാൽ ചുണ്ടന്റെ അമരത്തിരിക്കും. നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മാറ്റുരച്ച മത്സരത്തിൽ നിരണം ചുണ്ടൻ, വീയപുരം ചൂണ്ടൻ, നടുഭാഗം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ എന്നിവരാണ് ഫൈനലിൽ ആവേശപ്പോരാടിയത്.

ഫോട്ടോ ഫിനിഷിലാണ് ഫൈനൽ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ഒന്നാമതെത്തിയത്. 4:29.785 സമയമെടുത്ത് കാരിച്ചാൽ ഫിനിഷ് ചെയ്തപ്പോൾ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തു.

കാരിച്ചാലിനായി തുഴയെറിഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് അഞ്ചാം തവണയും ട്രോഫി നേടി ചരിത്രം കുറിക്കുക കൂടിയാണ് ഇത്തവണ ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ രാജാക്കന്മാരായ വീയപുരം ചുണ്ടനാണ് രണ്ടാമതെത്തിയത്. 2023 ൽ വീയപുരം രാജാക്കന്മാരായപ്പോൾ തുഴയെറിഞ്ഞത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു.

To advertise here,contact us