പിണറായി വിജയന്റെ അടിമത്വത്തില്‍ നിന്ന് മോചനം ലഭിച്ചു; ആവര്‍ത്തിക്കുന്നത് യുഡിഎഫ് ആരോപണങ്ങള്‍: ഫാത്തിമ തഹിലിയ

പി വി അന്‍വറിനെ ഒറ്റയാള്‍ പ്രതിപക്ഷമായി ചില രാഷ്ട്രീയ പണ്ഡിതര്‍ ഉയര്‍ത്തുന്നത് കാണുമ്പോള്‍ ചിരി വരുന്നുവെന്നും തഹിലിയ

മലപ്പുറം: കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി യുഡിഎഫ് പറയുന്ന കാര്യങ്ങളാണ് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ആവര്‍ത്തിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹിലിയ. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമത്വത്തില്‍ നിന്ന് പി വി അന്‍വറിന് മോചനം ലഭിച്ചു എന്നത് മാത്രമാണ് പുതുമയുള്ളതെന്നും ആരോപണങ്ങള്‍ പുതുമയില്ലാത്തതാണെന്നും തഹിലിയ പറഞ്ഞു. പി വി അന്‍വറിനെ ഒറ്റയാള്‍ പ്രതിപക്ഷമായി ചില രാഷ്ട്രീയ പണ്ഡിതര്‍ ഉയര്‍ത്തുന്നത് കാണുമ്പോള്‍ ചിരി വരുന്നുവെന്നും തഹിലിയ പരിഹസിച്ചു. ഫേസ്ബുക്ക് പോസറ്റിലൂടെയായിരുന്നു തഹിലിയയുടെ പ്രതികരണം.

'പി വി അന്‍വര്‍ പറയുന്നതില്‍ എന്ത് പുതുമയാണുള്ളത് സുഹൃത്തുക്കളെ? കഴിഞ്ഞ ഒരുപാട് വര്‍ഷമായി കേരളത്തിലെ യുഡിഎഫ് പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് പി വി അന്‍വര്‍ ചെയ്തത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട്ടെ പ്രസംഗം ഓര്‍മ്മയില്ലേ? പിണറായി വിജയനും ബിജെപിയും രഹസ്യ ധാരണയുണ്ടെന്ന് രാഹുല്‍ പറഞ്ഞതിന് അദ്ദേഹത്തിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ പിണറായിയുടെ അടിമയായിരുന്നില്ലേ അന്ന് പി വി അന്‍വര്‍? പിണറായി വിജയന്റെ അടിമത്വത്തില്‍ നിന്ന് പി.വി അന്‍വറിന് മോചനം ലഭിച്ചു എന്നത് മാത്രമാണ് ഇപ്പോള്‍ പുതുമയുള്ളത്. പാളയത്തിലെ പട കാണുമ്പോഴുള്ള കൗതുകം മാത്രമാണ് പി വി അന്‍വര്‍ എപ്പിസോഡില്‍ രാഷ്ട്രീയ കേരളത്തിനുള്ളത്. പി വി അന്‍വറിനെ ഒറ്റയാള്‍ പ്രതിപക്ഷമായി ചില രാഷ്ട്രീയ പണ്ഡിതര്‍ ഉയര്‍ത്തുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്', തഹിലിയ പറഞ്ഞു.

പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് അനുമതി നല്‍കിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. സിപിഐഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കുമെന്നും സിപിഐഎമ്മില്‍ നിന്നും പുറത്തുപോയാല്‍ അപ്പോള്‍ നടപടിയെടുക്കുമെന്നും സതീശന്‍ പറഞ്ഞു.സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന മുഴുവന്‍ ആളുകള്‍ക്കും പാര്‍ട്ടി സംരക്ഷണം നല്‍കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

യുഡിഎഫിലേക്ക് വന്നാല്‍ അന്‍വറിനെ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് ' ഞങ്ങള്‍ ഇക്കാര്യം ഇതുവരെയും ചര്‍ച്ച ചെയ്തിട്ടില്ല. ഒറ്റയ്ക്ക് അഭിപ്രായം പറയാന്‍ ആകില്ല. ചര്‍ച്ച നടത്തേണ്ട സമയത്ത് നടത്തും', എന്നായിരുന്നു മറുപടി.

To advertise here,contact us