'മുസ്ലിം വ്യക്തിനിയമത്തില്‍ ലിംഗനീതി നടപ്പിലാക്കൂ'; തുല്യതാ സമ്മേളനവുമായി കൂട്ടായ്മ

ഏകീകൃത സിവില്‍ കോഡല്ല, വ്യക്തി നിയമ പരിഷ്‌ക്കരണമാണ് വേണ്ടത് എന്ന മുദ്രാവാക്യവുമായാണ് തുല്യതാ സമ്മേളനം നടക്കുന്നത്

എറണാകുളം: മുസ്ലിം വ്യക്തിനിയമം ലിംഗനീതിപരമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തുല്യതാ സമ്മേളനം ഒക്ടോബര്‍ 5 ന് എറണാകുളത്ത് വെച്ച് നടക്കുന്നു. മുസ്ലിം സ്ത്രീകളുടെ മുന്‍കയ്യില്‍ രൂപം കൊണ്ട FORGEM (ഫോറം ഫോര്‍ ജന്‍ഡര്‍ ഇക്വാലിറ്റി എമംഗ് മുസ്ലിംസ്) എന്ന സംഘടനയുടെ നേതൃത്വത്തില്‍ 2024 ഒക്ടോബര്‍ 5 ന് എറണാകുളം ചിറ്റൂര്‍ റോഡിലുള്ള വൈഎംസിഎ ഹാളിലാണ് സമ്മേളനം നടക്കുന്നത്. ജസ്റ്റിസ് ഫാത്തിമാ ബീവി നഗര്‍ എന്നാണ് സമ്മേളന വേദിക്ക് പേരിട്ടിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡല്ല, വ്യക്തി നിയമ പരിഷ്‌ക്കരണമാണ് വേണ്ടത് എന്ന മുദ്രാവാക്യവുമായാണ് തുല്യതാ സമ്മേളനം നടക്കുന്നത്.

വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടര്‍ച്ചാവകാശം, ദത്തവകാശം തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് വിവിധ കാലങ്ങളിലെ നിയമനിര്‍മ്മാണങ്ങളിലൂടെയും കോടതി വിധികളിലൂടെയും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ പരിഷ്‌കരണത്തിന് വിധേയമാകാത്തത് പിന്തുടര്‍ച്ചാവകാശത്തിലെ സ്ത്രീ വിവേചനവും ബഹുഭാര്യാത്വത്തിനുള്ള അവകാശവും മാത്രമാണ്. ഇവ കൂടി ലിംഗനീതിപരമായി പരിഷ്‌കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് കൂട്ടായ്മയുടെ ആവശ്യം.

ഏകീകൃത സിവില്‍ കോഡല്ല മറ്റ് മതങ്ങളില്‍ നടന്നതു പോലെ വ്യക്തിനിയമം പരിഷ്‌കരിക്കുകയും ക്രോഡീകരിക്കുകയുമാണ് അടിയന്തിരമായും ഇപ്പോള്‍ നടക്കേണ്ടതെന്ന് തുല്യതാ സമ്മേളനത്തിലൂടെ കൂട്ടായ്മ മുന്നോട്ടുവെക്കുന്നു. ഒക്ടോബര്‍ 5 ന് രാവിലെ 10.30ന് ആരംഭിക്കുന്ന സമ്മേളനം റിട്ട. ജസ്റ്റിസ് കെ ചന്ദ്രു (മദ്രാസ് ഹൈക്കോടതി) ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി, പികെ ശ്രീമതി ടീച്ചര്‍, ആനി രാജ, മുഹമ്മദ് ഹനീഷ് ഐഎഎസ്, റസൂല്‍ പൂക്കുട്ടി, ആഷിക് അബു, ഡോ ഷീന ഷുക്കൂര്‍, പികെ പോക്കര്‍, സിഎച്ച് മുസ്തഫ മൗലവി, ലാലി പിഎം, പിഎംഎ ഗഫൂര്‍, ഖദീജ നര്‍ഗ്ഗീസ്, ഡോ ഖദീജ മുംതാസ്, സഹീറ തങ്ങള്‍, ഷുക്കൂര്‍ വക്കീല്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

To advertise here,contact us