പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്ക് മറിയുന്നു, ആറ്റിങ്ങലില്‍ യുഡിഎഫ് ജയം അത് കൊണ്ടുമാത്രം; സിപിഐഎം റിപ്പോര്‍ട്ട്

18 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് കിട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്ക് മറിയുകയാണെന്ന് വിലയിരുത്തി സിപിഐഎം. സിപിഐഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ആറ്റിങ്ങലിലെ എല്‍ഡിഎഫ് പരാജയത്തിന്റെ കാരണം വോട്ടുകള്‍ ബിജെപിക്ക് പോയതാണ്. ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും ഇതുണ്ടായി. ആറ്റിങ്ങലില്‍ യുഡിഎഫിന്റെ വിജയം എല്‍ഡിഎഫ് വോട്ട് ബിജെപിക്ക് ചോര്‍ന്നത് കൊണ്ടുമാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ 16 ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് വര്‍ധിച്ചു. മലപ്പുറം, പൊന്നാനി, ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളില്‍ മാത്രമാണ് വോട്ട് വര്‍ധിക്കാതിരുന്നത്. 18 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് കിട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

എല്‍ഡിഎഫിന് ലീഡ് കിട്ടിയ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും 18 ആണ്. ബിജെപി 11 മണ്ഡലങ്ങളില്‍ ലീഡ് നേടി. വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനായി ആരാധാലയങ്ങള്‍ കേന്ദ്രീകരിച്ചു ബിജെപി നടത്തിയ നീക്കം ഗൗരവത്തോടെ കണ്ടില്ലെന്ന സ്വയംവിമര്‍ശനവും സിപിഐഎം റിപ്പോര്‍ട്ടില്‍ നടത്തുന്നുണ്ട്.

To advertise here,contact us