കേരളം ഭരിക്കുന്നത് പിആർ ​ഗ്രൂപ്പ്; റിയാസ് കോഴിക്കോട് ബീച്ചിലെ ഓരോ മണൽത്തരിയും വിൽക്കുന്നു: കെ എം ഷാജി

തൃശ്ശൂരിനെ ​സുരേഷ് ​ഗോപി എടുത്തതല്ലെന്നും പിണറായി വെള്ളിത്തളികയിൽ കൊടുത്തതാണെന്നും കെ എം ഷാജി

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് പി ആർ ഗ്രൂപ്പാണെന്നും അതിനെ നയിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും മുസ്‌ലിംലീ​ഗ് നേതാവ് കെ എം ഷാജി. തൃശ്ശൂരിനെ ​സുരേഷ് ​ഗോപി എടുത്തതല്ലെന്നും പിണറായി വെള്ളിത്തളികയിൽ കൊടുത്തതാണെന്നും കെ എം ഷാജി കടന്നാക്രമിച്ചു.

പിണറായി ഡിപ്ലോമാറ്റിക്ക് ബാഗ് വഴി കടത്തിയ സ്വർണത്തിൻ്റെ അളവെത്രയാണെന്ന് അന്വേഷണം നടന്നോയെന്നും കൊടകര ഹവാല പണത്തിൽ അന്വേഷണം വരുമോയെന്നും അദ്ദേഹം ചോദിച്ചു. ടൂറിസം വകുപ്പ് മുഹമ്മദ് റിയാസിനെതിരെയും കെ എം ഷാജി രൂക്ഷവിമർശനം ഉയർത്തി. മുഹമ്മദ് റിയാസ് കോഴിക്കോട് ബീച്ചിലെ ഓരോ മണൽത്തരികളും വിറ്റഴിക്കുകയാണെന്ന് കെ എം ഷാജി ആരോപിച്ചു.

'ഇ പി ജയരാജൻ , പിണറായി, മകൾ വീണ എന്നിവരെല്ലാം കോടികളാണ് സമ്പാദിച്ചിട്ടുള്ളത്. മുഹമ്മദ് റിയാസും കോഴിക്കോട് നഗരത്തിൽ അനധികൃതമായി ഉണ്ടാക്കുന്ന കെട്ടിടങ്ങളുടെയെല്ലാം പങ്കു പറ്റുന്നുണ്ട്. തീരദേശ നിയമം ലംഘിച്ച് കോഴിക്കോട് കടപ്പുറത്തിന് സമീപം വരുന്ന കോഫി ഷോപ്പുകളുടെ ഉൾപ്പെടെ ബീച്ചിലെ ഓരോ മണൽത്തരിയും റിയാസ് വിൽക്കുകയാണ്', കെ എം ഷാജി ആരോപിച്ചു.

എലത്തൂർ ട്രെയിൻ തീയിട്ട സംഭവത്തിൽ എ ഡി ജി പി അജിത്കുമാറിനെതിരെ ആരോപണവുമായി കെ എം ഷാജി രംഗത്തെത്തി. കർണാടക തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എ ഡി ജി പി അജിത് കുമാർ ഉണ്ടാക്കിയ സംഭവമാണ് എലത്തൂരിൽ ഉണ്ടായതെന്ന് കെ എം ഷാജി പറഞ്ഞു. എലത്തൂരിലെ ട്രെയിനിൽ ഒരാൾ നടത്തിയ സംഭവമെന്നത് അജിത് കുമാറിൻ്റെ സൃഷ്ടിയാണ് . ഈ സംഭവത്തിന് ശേഷം കണ്ണൂരിൽ ഈ പ്രതി ഇരിക്കുമ്പോൾ പൊള്ളലേറ്റിരുന്നില്ല . ആ വീഡിയോ ദൃശ്യം എ ഡി ജി പി ഇടപെട്ട് മായ്ച്ചു കളഞ്ഞെന്നും കെ എം ഷാജി ആരോപിച്ചു .

To advertise here,contact us