'മാധ്യമങ്ങള്‍ ശവംതീനികള്‍'; എം എന്‍ വിജയന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് മകന്‍

മാധ്യമങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാളല്ലേ എന്നുള്ള ചോദ്യത്തിന് സമര്‍ത്ഥന്മാര്‍ക്ക് നന്നായി ഉപയോഗിക്കാന്‍ കഴിയും എന്നും കഴിവില്ലാത്തവരുടെ വിരല്‍ മുറിയും എന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ആക്ഷേപിച്ച് എം എന്‍ വിജയന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ് വ്യാജമെന്ന് മകന്‍ വി എസ് അനില്‍കുമാര്‍. മാധ്യമങ്ങളുടെ പ്രസക്തിയും പ്രാധാന്യവും എന്തെന്ന് കൃത്യമായി അറിഞ്ഞിട്ടുള്ള ആളാണ് വിജയന്‍ മാഷ്. മാധ്യമങ്ങളെ അദ്ദേഹം ഇത്തരം നികൃഷ്ടഭാഷയില്‍ വിമര്‍ശിക്കില്ലെന്ന് അനില്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാധ്യമങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാളല്ലേ എന്നുള്ള ചോദ്യത്തിന് സമര്‍ത്ഥന്മാര്‍ക്ക് നന്നായി ഉപയോഗിക്കാന്‍ കഴിയും എന്നും കഴിവില്ലാത്തവരുടെ വിരല്‍ മുറിയും എന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എം എന്‍ വിജയന്‍ മാഷിന്റേതായി വന്നിട്ടുള്ള നൂറുകണക്കിന് ഇത്തരം കാര്‍ഡുകളുടെ ഉള്ളിലേക്ക് ഇങ്ങനെയൊരു കള്ളത്തരം ആരോ തിരുകിക്കയറ്റിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഫേയ്ക്ക്

മാപ്ര എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നുള്ളതിന്റെ ചുരുക്കെഴുത്താണ്. പക്ഷേ അതിനെ ഒരു തെറിവാക്കായി ഉപയോഗിക്കുന്ന ഒരു വിഭാഗം ഉണ്ട്. തങ്ങള്‍ക്ക് അനിഷ്ടകരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിലേയും ദൃശ്യമാധ്യമങ്ങളിലേയും ജേണലിസ്റ്റുകളെയാണ് മാപ്രാ എന്ന് വിളിച്ച് കളിയാക്കുന്നത്. അന്നേരവും അക്കൂട്ടര്‍ക്ക് തങ്ങളുടെ കുഞ്ഞ് പൊന്‍കുഞ്ഞ് തന്നെ.

ഇത്തരത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് എസ് ബി ഐ എന്നും ജയപ്രകാശ് നാരായണന് ജെപി എന്നും ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് ഐഐടി എന്നും ഒക്കെയുള്ള ചുരുക്കെഴുത്തുകള്‍ ഉണ്ട്. അതൊന്നും തെറിവാക്കുകളായി ആരും ഉപയോഗിക്കാറില്ല.

എം എന്‍ വിജയന്‍ മാഷിന്റെതായി പ്രചരിക്കുന്ന മാധ്യമങ്ങളെക്കുറിച്ചുള്ള ഈ വാചകങ്ങള്‍ തീര്‍ത്തും വ്യാജനിര്‍മ്മിതിയാണ്. മാധ്യമങ്ങളുടെ പ്രസക്തിയും പ്രാധാന്യവും എന്തെന്ന് കൃത്യമായി അറിഞ്ഞിട്ടുള്ള വിജയന്‍ മാഷ് ഇത്തരം ഒരു നികൃഷ്ടഭാഷയില്‍ മാധ്യമങ്ങളെ വിമര്‍ശിക്കില്ല. മാനദണ്ഡം എന്നൊരു മാസികയുടെ കാലം മുതല്‍ക്കേ ഈ രംഗത്ത് അദ്ദേഹം ഉണ്ട്. പിന്നീട് അദ്ദേഹം ദേശാഭിമാനി വാരികയുടെയും പാഠത്തിന്റെയും പത്രാധിപരായിരുന്നു.

മാധ്യമങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാളല്ലേ എന്നുള്ള ചോദ്യത്തിന് സമര്‍ത്ഥന്മാര്‍ക്ക് നന്നായി ഉപയോഗിക്കാന്‍ കഴിയും എന്നും കഴിവില്ലാത്തവരുടെ വിരല്‍ മുറിയും എന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എം എന്‍ വിജയന്‍ മാഷിന്റെതായി വന്നിട്ടുള്ള നൂറുകണക്കിന് ഇത്തരം കാര്‍ഡുകളുടെ ഉള്ളിലേക്ക് ഇങ്ങനെയൊരു കള്ളത്തരം ആരോ തിരുകിക്കയറ്റിയതാണ്.

To advertise here,contact us