'പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രിയെ രാഷ്ട്രീയത്തിൽ ആർക്കാണ് വിലയുള്ളത്'; പരിഹാസവുമായി കെ എം ഷാജി

കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിനെന്നും കെ എം ഷാജി ചോദിച്ചു

തിരുവനന്തപുരം: അഭിമുഖ വിവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി. പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രിയെ രാഷ്ട്രീയത്തിൽ ആർക്കാണ് വിലയുള്ളത്. കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിനെന്നും കെ എം ഷാജി ചോദിച്ചു. ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുകയാണ്. സിപിഐഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം അരീക്കോട് നടന്ന ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ വാർഷിക സമ്മേളനത്തിലായിരുന്നു കെഎം ഷാജിയുടെ പരിഹാസം.

ഇന്ത്യയിലെ പ്രമുഖ ദേശീയ പത്രത്തിൽ നിന്ന് വിളിക്കുകയാണ്, കേരള മുഖ്യമന്ത്രിയുടെ അഭിമുഖമുണ്ടെന്ന്. ഏത് കേരള മുഖ്യമന്ത്രി!! കേരളത്തിന്റെ പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത ഒരു പാർട്ടിക്ക് ദേശീയ പത്രത്തിൽ എന്തിനാടോ ഒരു ഇൻ്റർവ്യൂ. മുസ്ലിം ലീ​ഗും സിപിഐഎമ്മുമൊക്കെ ചെറിയ പ്രാദേശിക പാർട്ടികളാണ്. അത് മനസിലാക്കണ്ടേ, കെ എം ഷാജി പറഞ്ഞു.

പി വി അൻവറിനെ സ്വാ​ഗതം ചെയ്തുും പിന്തുണച്ചും കഴിഞ്ഞ ദിവസം കെ എം ഷാജി രം​ഗത്തെത്തിയിരുന്നു.

പി വി അൻവറിന്റെ പാർട്ടി ലീ​ഗിന് വെല്ലുവിളിയാകില്ലെന്നും അദ്ദേഹത്തിന്റേത് ധീരമായ നിലപാടാണെന്നും ഷാജി കൂട്ടിച്ചേർത്തു. പുരിയ പാർട്ടി പ്രഖ്യാപിച്ച് യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാന് തീരുമാനിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടി മുഹമ്മദ് ബഷീറും പി വി അൻവറിനെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു, അൻവർ പറയുന്നതിൽ കഴമ്പുണ്ടെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

അതേസമയം ഞായറാഴ്ചയായിരിക്കും പി വി അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനം. നാളെ മഞ്ചേരിയിൽ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പാർട്ടിയുടെ പേരും നയവും പ്രഖ്യാപിക്കും.

To advertise here,contact us