നവകേരള ബസ് വീണ്ടും പൊളിച്ച് പണിയുന്നു; പാൻട്രി ഉൾപ്പെടെ പൊളിക്കും, നീക്കം സീറ്റുകളുടെ എണ്ണം കൂട്ടാൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് കർണ്ണാടകയിലെ സ്വകാര്യ വർക്ക്ഷോപ്പിലാണ്

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് കൈമാറിയ 'നവകേരള' ബസ് വീണ്ടും പൊളിച്ച് പണിയുന്നു. ബസിലെ പാൻട്രി ഉൾപ്പെടെയുള്ള അധിക സൗകര്യങ്ങൾ ഒഴിവാക്കി സീറ്റുകളുടെ എണ്ണം കൂട്ടാനാണ് പൊളിക്കുന്നത്. കൂടാതെ ബസിലെ ടോയ്‍ലറ്റിനും മാറ്റം ഉണ്ടാകും. 64 ലക്ഷം രൂപയാണ് ചെലവഴിച്ചാണ് ബസിൻ്റെ ബോഡിയും ഉൾഭാഗവും നിർമ്മിച്ചത്. ഇതാണ് വീണ്ടും പൊളിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് കർണ്ണാടകയിലെ സ്വകാര്യ വർക്ക്ഷോപ്പിലാണ്. 64 ലക്ഷം രൂപ മുടിക്കി നിർമ്മിച്ച ബസിൻ്റെ ബോഡിയിൽ, ഉൾഭാഗത്തിന് വീണ്ടും മാറ്റം വരുത്തുകയാണ്. ബസിൻ്റെ സൗകര്യങ്ങൾ കുറച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് വർക്ക്ഷോപ്പിൽ കയറ്റിയത്. ബസിൻ്റെ പിറകിലുള്ള പാന്‍ട്രിക്ക് പുറമെ വാഷ് ഏരിയ പൊളിച്ച് മാറ്റും. ടോയിലറ്റിലെ യൂറോപ്യൻ ക്ലോസ്റ്റ് ഒഴിവാക്കി ഇന്ത്യൻ ക്ലോസറ്റ് ആക്കും. യൂറോപ്യൻ ക്ലോസ്റ്റ് യാത്രക്കാർ വൃത്തിയാക്കി സൂക്ഷിക്കുന്നില്ല എന്നതാണ് വിശദീകരണം. ഡ്രൈവർ സീറ്റ് ഉൾപ്പെടെ 25 സീറ്റാണ് ആദ്യം ഉണ്ടായിരുന്നത് . ഇത് 30തിൽ കൂടുതൽ സീറ്റാക്കി മാറ്റും. സീറ്റിൻ്റെ പ്ലാറ്റ്ഫോമും മാറ്റും.

കുറഞ്ഞ സീറ്റിൽ കോഴിക്കോട് - ബാംഗ്ലൂര്‍ റൂട്ടില്‍ ബസ് ഓടിച്ചിട്ടും ലാഭകരമല്ലെന്നാണ് കെഎസ്ആ‍ർടിയുടെ വിശദീകരണം. പൊളിച്ച് പണിയുന്നതും നേരത്തെ ബസിന്റെ ബോഡി നിര്‍മ്മിച്ച എസ് എം കണ്ണപ്പ എന്ന അതേകമ്പനി തന്നെയാണ്. ബസിന്റെ ആകെ വിലയായ 1.05 കോടി രൂപയിൽ 64 ലക്ഷവും ബോഡിയും ഉൾഭാഗവും നിർമ്മിക്കാനാണ് ചെലവഴിച്ചത്.

Content High Lights: Navakerala Bus Interior will rebuild, seats increase

To advertise here,contact us