സ്പീക്കറുടെ മുഖം മറച്ചു, ഡയസിലേക്ക് കടന്നുകയറാന്‍ ശ്രമം; പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലംപ്രയോഗിച്ച് മാറ്റി

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ മുഖം മറച്ചും ഡയസിലേയ്ക്ക് കടന്നുകയറാനും പ്രതിപക്ഷം ശ്രമിച്ചു. ഇതിനിടെ പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലംപ്രയോഗിച്ച് മാറ്റി. ഇതോടെ സ്പീക്കര്‍ ചേംബറിലേക്ക് പോയി. സര്‍ക്കാരിനെതിരെ ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയുടെ കവാടത്തിലേയ്ക്ക് എത്തി. സ്പീക്കറുടേയും സര്‍ക്കാരിന്റേയും ഭാഗത്തുനിന്ന് ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. സണ്ണി ജോസഫ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് സഭ അവതരണാനുമതി നല്‍കുകയായിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയില്‍ പറഞ്ഞു. ഇതിന് പിന്നാലെ സഭ കലുഷിതമാകുകയായിരുന്നു. സ്പീക്കര്‍ എ എന്‍ ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സഭയില്‍ കൊമ്പുകോര്‍ത്തു. പ്രതിപക്ഷ നേതാവ് ആരാണെന്നുള്ള സ്പീക്കറുടെ ചോദ്യം പ്രതിപക്ഷം ഏറ്റെടുത്തു. സ്പീക്കറെ പ്രതിപക്ഷം അധിക്ഷേപിച്ചു എന്ന് ഭരണപക്ഷവും ആരോപിച്ചു. ഇതോടെ സഭ കൂടുതല്‍ സംഘര്‍ഷഭരിതമായി.

നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധിച്ചു. ഇതിന് പുറമേ സ്പീക്കറുടെ ഡയസിലേക്ക് കടന്നു കയറാനും ശ്രമിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ സ്പീക്കറുടെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുമാറ്റി. തൊട്ടുപിന്നാലെ സ്പീക്കര്‍ സഭ വിടുകയായിരുന്നു.

Content highlights- legislative assembly dismissed today

To advertise here,contact us