വഴിയാത്രക്കാരനെ കല്ലുകൊണ്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

സെക്രട്ടേറിയറ്റിനുമുന്നിൽ ശ്രീജിത്ത് കെട്ടിയൊരുക്കിയ സമരസ്ഥലത്തിന് സമീപത്ത് കൂടി പോയ സുരേഷും ശ്രീജിത്തും തമ്മിൽ വാക്കുതർക്കമുണ്ടായി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ വധശ്രമത്തിന് അറസ്റ്റുചെയ്തു. രാജാജി നഗർ സ്വദേശി സുരേഷ് കുമാറി(53)നെ ആക്രമിച്ച കേസിലാണ് കന്റോൺമെന്റ് പൊലീസ് ശ്രീജിത്തിനെ അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. സെക്രട്ടേറിയറ്റിനുമുന്നിൽ ശ്രീജിത്ത് കെട്ടിയൊരുക്കിയ സമരസ്ഥലത്തിന് സമീപത്ത് കൂടി പോയ സുരേഷും ശ്രീജിത്തും തമ്മിൽ വാക്കുതർക്കമുണ്ടായി. തുട‍ർന്ന് പ്രകോപിതനായ ശ്രീജിത്ത് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് സുരേഷിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സുരേഷിന്റെ പരാതിയിൽ രാത്രി 9.30-ഓടെ കന്റോൺമെന്റ് പൊലീസ് ശ്രീജിത്തിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

ഒൻപതുവർഷമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുകയാണ് നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത്. ഇയാൾ മൈക്രോഫോണിലൂടെ അസഭ്യം പറയുന്നത് പതിവാണ്. കഴിഞ്ഞ മാർച്ച് 29-ന് മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്‌ ഇയാൾ 2015 മെയിലാണ് സമരം തുടങ്ങിയത്.

Content Highlights: Sreejith who regularly protested in front of the secretariat was arrested

To advertise here,contact us