'കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പങ്കെന്ന് സുജിത് ദാസ് പറഞ്ഞു'; എഡിജിപി പി വിജയനെതിരെ എം ആര്‍ അജിത് കുമാര്‍

തീവ്രവാദവിരുദ്ധ സ്‌ക്വാഡിലെ ചില അംഗങ്ങള്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സുജിത് ദാസ് പറഞ്ഞതായി അജിത് കുമാർ

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍ രംഗത്ത്. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി വിജയന് പങ്കുണ്ടെന്ന് മലപ്പുറം മുന്‍ എസ് പി സുജിത് ദാസ് പറഞ്ഞതായാണ് അജിത് കുമാര്‍ വ്യക്തമാക്കുന്നത്. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബിന് അജിത് കുമാര്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ഡിജിപി നടത്തിയ അന്വേഷണത്തില്‍ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് അജിത് കുമാര്‍ പി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പി വിജയന് പങ്കുണ്ട്. ഇക്കാര്യം എസ് പി സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നു. തീവ്രവാദവിരുദ്ധ സ്‌ക്വാഡിലെ ചില അംഗങ്ങള്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. ഈ വിവരവും സുജിത് ദാസ് തന്നോട് സൂചിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്നും അജിത് കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

അതേസമയം, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്കെതിരെയും അജിത് കുമാറിന്റെ മൊഴിയുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ മുന്‍പ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് അജിത് കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇക്കുറിയും ഇരു ദേവസ്വങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് അതിന് സമ്മതിച്ചില്ല. ഒരു ദേവസ്വത്തിന്റെ ആളുകള്‍ പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നുംഅതാണ് തൃശൂര്‍ പൂരം അലങ്കോലപ്പെടാന്‍ കാരണമെന്നും അജിത് കുമാര്‍ വ്യക്തമാക്കുന്നു. അജിത് കുമാറിനെതിരെ ഡിജിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്.

Content Highlights- Adgp M R Ajith kumar statement against intelligence chief P vijayan

To advertise here,contact us