കാലാവസ്ഥാ പ്രശ്നങ്ങളെ അറിഞ്ഞുകൊണ്ട് റിപ്പോർട്ട് ചെയ്യൂ;ക്ലൈമറ്റ് ജേണലിസം ശിൽപശാല നവംബർ മൂന്ന് മുതൽ വയനാട്ടില്‍

പരമാവധി 40 പേര്‍ക്കാണ് ശില്പശാലയില്‍ പ്രവേശനം

കല്‍പറ്റ: ട്രാന്‍സിഷന്‍ സ്റ്റഡീസും വയനാട് വന്യജീവി സങ്കേതത്തിലെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനും സംയുക്തമായി നടത്തുന്ന 'ക്ലൈമറ്റ് ജേണലിസം' ശില്‍പശാല നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് നടക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നില്‍ അവതരിച്ചിരിക്കുന്നുവെങ്കിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗ് ഇന്നും ശൈശവാവസ്ഥയിലാണ്. പലരും പ്രശ്നത്തെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കുന്നതില്‍ പലപ്പോഴും പ്രയാസം അനുഭവിക്കുന്നതായി കാണാം.

ഈയൊരു സന്ദര്‍ഭത്തിലാണ് ട്രാന്‍സിഷന്‍ സ്റ്റഡീസ് വനം വകുപ്പുമായി ചേര്‍ന്ന് കേരളത്തിലെ വിവിധ മേഖലകളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കുമായി ഒരു ക്ലൈമറ്റ് ജേര്‍ണലിസം ശില്പശാല സംഘടിപ്പിക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തില്‍ സുല്‍ത്താന്‍ ബത്തേരി, കല്ലുമുക്ക് പ്രകൃതി അവബോധ കേന്ദ്രത്തില്‍ വെച്ച് നവംബര്‍ 3 നാണ് ശില്‍പശാല ആരംഭിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അടിസ്ഥാന ശാസ്ത്രബോധ്യങ്ങള്‍ രൂപപ്പെടുത്തുന്നതിനും, അന്താരാഷ്ട്ര കാലാവസ്ഥാ ചര്‍ച്ചകളെ സംബന്ധിച്ച ധാരണകള്‍ ബലപ്പെടുത്താനും, പ്രാദേശിക കാലാവസ്ഥാ പ്രതിസന്ധികളെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഇത്തരമൊരു ശില്പശാല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും ടെലഗ്രാഫിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജുമായ ആര്‍ രാജഗോപാല്‍, പരിസ്ഥിതി വിദഗ്ധന്‍ ഡോ. സി കെ വിഷ്ണുദാസ്, പി ധനേഷ് കുമാര്‍ ഐഎഫ്എസ്, കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ സാഗര്‍ ധാര, ബോട്ടാണിസ്റ്റ് പ്രകാശ് സി ഝാ, കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ എസ് അഭിലാഷ്, മാധ്യമ പ്രവര്‍ത്തകന്‍ കെ രാജഗോപാല്‍ എന്നിവര്‍ വിവിധ സെഷനുകള്‍ അവതരിപ്പിക്കും.

നവംബര്‍ മൂന്നിന് വൈകീട്ട് 4 മണിക്ക് നടക്കുന്ന ശില്‍പശാല ആര്‍ കീര്‍ത്തി ഐഎഫ്എസ് ഉദ്ഘാടനം ചെയ്യും. വരുണ്‍ ഡാലിയ ഐഎഫ്എസ് ആശംസകള്‍ അറിയിച്ച് സംസാരിക്കും. പരമാവധി 40 പേര്‍ക്കാണ് ശില്പശാലയില്‍ പ്രവേശനം. പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ക്ക് താഴെക്കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

എംകെ രാംദാസ്: 80752 54314, അശോകന്‍ നമ്പഴിക്കാട്: 9447311139, ഡോ സ്മിത പി കുമാര്‍: 9440401421

Content Highlights: Climate journalism Workshop in Wayanad

To advertise here,contact us