പ്രകടനമില്ല; സി കൃഷ്ണകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു, തുക നല്‍കിയത് മേലാമുറി പച്ചക്കറി കച്ചവട സംഘം

മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികളാണ് സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ പാലക്കാട് ആര്‍ഡിഒ എസ് ശ്രീജിത്തിന് മുൻപാകെ നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കിയിരുന്നു പത്രികാ സമര്‍പ്പണം.

മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികളാണ് സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. വിജയം ഉറപ്പാണെന്നും ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ നേതാക്കള്‍ പ്രചാരണത്തിന് എത്തുമെന്നും പത്രിക സമര്‍പ്പണത്തിന് ശേഷം സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണെന്ന് പറയപ്പെടുന്ന മൂത്താന്‍ സമുദായത്തിന് സ്വാധീനമുള്ള മേലാമുറിയില്‍ നിന്ന് തന്നെ കെട്ടിവെക്കാനുള്ള പണം സ്വീകരിക്കാന്‍ കൃഷ്ണകുമാര്‍ തയ്യാറായെന്നത് ശ്രദ്ധേയമാണ്.

യുഡിഎഫിനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിനായി പി സരിനുമാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. പി വി അന്‍വറിന്റെ ഡിഎംകെയെ പ്രതിനിധീകരിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മിന്‍ഹാജും മത്സര രംഗത്തുണ്ട്. അതേസമയം മിന്‍ഹാജിനെ മത്സര രംഗത്ത് നിന്നും പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്‍വര്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.

Content Highlights:

To advertise here,contact us