'നേരത്തെ പ്രവാചക കാലം പ്രാകൃതം, ഇപ്പോള്‍ ഖലീഫ കാലവും പ്രാകൃതമെന്ന് പറയുന്നു'; മുഖ്യമന്ത്രിക്കെതിരെ ഫൈസല്‍ ബാബു

നേരത്തെ എ പി സമസ്ത വിഭാഗം യുവജന നേതാവ് മുഹമ്മദലി കിനാലൂരും മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ ഫൈസല്‍ ബാബു. മുഖ്യമന്ത്രിയുടെ ഖലീഫാ കാലമെന്ന പ്രസ്താവനയിലാണ് ഫൈസല്‍ ബാബുവിന്റെ വിമര്‍ശനം. സിപിഐഎം നേതാവ് പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ 'ജമാ അത്തെ ഇസ്‌ലാമി പഴയതിന്റെ പുനരുജ്ജീവനത്തിനാണ് ശ്രമിക്കുന്നത്. ഖലീഫമാരുടെ കാലത്തേക്ക് സമുദായത്തെ തിരിച്ചൂകൊണ്ടുപോകാനാണ് അവരുടെ ശ്രമം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഫൈസല്‍ ബാബുവിന്‍റെ പ്രതികരണം.

'നേരത്തെ പ്രവാചക കാലം പ്രാകൃതം. ഇപ്പോള്‍ ഖലീഫക്കാലവും പ്രാകൃതം. ക്രൊണോളജി കൃത്യം. വില്ലുപുരത്തെ വിജയ് ബിജെപിയെ വേരോടെ പറിച്ചെറിയും. കേരള മണ്ണിലെ വിജയ് (പിണറായി) ബിജെപിയെ വേരോടെ പറിച്ച് നടും. ശരിക്കും കേരള സിപിഎംനെ ബിജെപിയുടെ ബിടീമെന്ന് പരിഹസിക്കരുത്. എടീമ് തന്നെ. എ- സര്‍ട്ടിഫൈഡ്. സംഘത്തിന്റെ അഡള്‍ട്ടോണ്‍ലി വേര്‍ഷന്‍. അശ്ലീലം. വിഷം കൂടിയ ആര്‍എസ്എസ് വേര്‍ഷന്‍.' എന്നാണ് ഫൈസല്‍ ബാബുവിന്റെ വിമര്‍ശനം. നേരത്തെ എ പി സമസ്ത വിഭാഗം യുവജന നേതാവ് മുഹമ്മദലി കിനാലൂരും മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

മുഹമ്മദലി കിനാലൂര്‍ പറഞ്ഞത്

പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ ബഹുമാന്യനായ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ അങ്ങേയറ്റം തെറ്റിദ്ധാരണാജനകമായ ഒരു പരാമര്‍ശം ശ്രദ്ധിക്കാനിടയായി. അദ്ദേഹം ജമാഅത്തെ ഇസ്ലാമിയെ ഉന്നം വെച്ചാണ് അത് പറഞ്ഞതെങ്കിലും അതില്‍ വസ്തുതാ പരമായ പിശകുണ്ട്. അദ്ദേഹത്തിന്റെ ബോധ്യത്തിന്റെയോ അദ്ദേഹത്തിന് പ്രസംഗം എഴുതിക്കൊടുക്കുന്ന ആളുടെ ബോധ്യത്തിന്റെയോ പ്രശ്നമാണ്. 'ജമാഅത്തെ (ഇസ്ലാമി) ആവട്ടെ, പഴയ കാലത്തേക്ക്, അതായതു ഖലീഫാമാരുടെ കാലത്തേക്കു സമുദായത്തെ തിരിച്ചു കൊണ്ടുപോവണമെന്ന നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ്'. ഇതാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിലെ പ്രധാന പ്രശ്നം ഖലീഫമാരുടെ ഭരണകാലത്തെ കുറിച്ച് അനാവശ്യമായ തെറ്റിദ്ധാരണ ഉദ്പാദിപ്പിക്കുന്നു എന്നതാണ്. പ്രവാചകര്‍ക്ക് ശേഷം ഇസ്ലാമിക ഭരണം നിര്‍വഹിച്ച നാലുപേരെയാണ് പൊതുവില്‍ ഖലീഫമാര്‍ എന്ന് പറയാറുള്ളത്. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ.അന്‍ഹും) എന്നിവരാണ് ആ നാലുപേര്‍. പ്രവാചകരുടെ അതേവഴിയില്‍ ഭരണം നടത്തിയവര്‍.

നീതിയധിഷ്ഠിതമായിരുന്നു ഖലീഫമാരുടെ നിലപാടുകള്‍. ഇസ്ലാമിക ശരീഅത്ത് ആയിരുന്നു അതിന്റെ അടിത്തറ. അന്നാട്ടിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുണ്ടായിരുന്നു അവരുടെ ഭരണത്തില്‍. മരുഭൂമിയില്‍ ഒരു ഒട്ടകം പട്ടിണി കിടന്നു ജീവന്‍ പോയാല്‍ അതിന്റെ പേരില്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമല്ലോ എന്ന് ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ടവരായിരുന്നു അവര്‍. പ്രജാ ക്ഷേമ തല്പരരായിരുന്നു നാലുപേരും. സത്യമായിരുന്നു അവരുടെ പ്രമാണം. അധികാരത്തെ അവര്‍ ആസ്വദിക്കുകയായിരുന്നില്ല, പരീക്ഷണമായി കണ്ട് ഉത്തരവാദിത്വം നിര്‍വഹിക്കുകയായിരുന്നു. മതജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു അവര്‍ക്ക് പൊതുജീവിതം. സംശുദ്ധമായിരുന്നു അവരുടെ ജീവിതം. നീതിക്ക് നിരക്കാത്ത ഒന്നും അവരില്‍ നിന്നുണ്ടായില്ല.

ബഹു.മുഖ്യമന്ത്രി മുസ്ലിം ചരിത്രത്തെ ഇകഴ്ത്താന്‍ മനപ്പൂര്‍വം പറഞ്ഞതാണ് എന്നെനിക്ക് അഭിപ്രായമില്ല. അദ്ദേഹത്തിന്റെ ബോധ്യത്തിന്റെ പ്രശ്നം ആണ്. പക്ഷേ അദ്ദേഹത്തെപ്പോലൊരാള്‍ ഒരു പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ചരിത്രമൊക്കെ പറയുമ്പോള്‍. ഖലീഫമാരുടെ ഭരണകാലം എന്തോ മോശം കാലമായിരുന്നു എന്ന് ആളുകള്‍ മനസിലാക്കാനിടയുണ്ട്. അതുകൊണ്ടാണ് ഈ കുറിപ്പ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രസങ്കല്‍പ്പം ഖലീഫമാരുടെ രാഷ്ട്ര സങ്കല്‍പ്പമല്ല, സയ്യിദ് മൗദൂദിയുടെ രാഷ്ട്ര സങ്കല്‍പ്പമാണ്. ആ രാഷ്ട്ര സങ്കല്‍പ്പം ഇസ്ലാമിക രാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്നും വളരെ വിദൂരമാണ്.

To advertise here,contact us