'ചേംബറിലെത്തി കണ്ടെന്ന മൊഴി വിശ്വസിക്കില്ല,' കണ്ണൂർ കളക്ടറുമായി നവീൻബാബുവിന് ഒരു ആത്മബന്ധവുമില്ലെന്ന് കുടുംബം

കളക്ടറുമായി നവീന്‍ബാബുവിന് അടുപ്പമുണ്ടായിരുന്നില്ലെന്നും മഞ്ജുഷ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു

പത്തനംതിട്ട: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബു ചേംബറിലെത്തി കണ്ടെന്ന കളക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് പങ്കാളി മഞ്ജുഷ പറഞ്ഞു. കളക്ടറുമായി നവീന്‍ബാബുവിന് അടുപ്പമുണ്ടായിരുന്നില്ലെന്നും അവര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സുജയ പാര്‍വതിക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുഷയുടെ തുറന്നുപറച്ചില്‍.

'മറ്റ് കളക്ടര്‍മാരുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാല്‍ കണ്ണൂർ കളക്ടര്‍ പറഞ്ഞതുപോലെ ഒരു ആത്മബന്ധവും ഇരുവരും തമ്മില്‍ ഉണ്ടായിരുന്നില്ല. മനസിലുള്ളത് പറയാന്‍ മാത്രം ബന്ധം സൂക്ഷിച്ചിരുന്നില്ല. ചേംബറിലെത്തി തുറന്നു പറച്ചില്‍ നടത്തിയെന്നത് വിശ്വസിക്കുന്നില്ല. കളക്ടറോട് ഒരു ലീവ് ചോദിക്കാന്‍ പോലും നവീന്‍ ബാബുവിന് മടിയായിരുന്നു. രാവിലെ വന്നിട്ട് വൈകീട്ട് തിരികെ കണ്ണൂരിലേക്ക് പോയ ദിവസങ്ങളുണ്ട്', മഞ്ജുഷ പറഞ്ഞു.

Also Read:

Kerala
യുഡിഎഫ്- ബിജെപി ഡീൽ പൊളിയും, പാലക്കാടും ചേലക്കരയിലും എൽഡിഎഫ് വിജയക്കൊടി നാട്ടും: എംവി ഗോവിന്ദൻ

നവീന്‍ ബാബു തന്റെ വിഷമത്തെ കുറിച്ച് പറയാന്‍ സാധ്യതയില്ലെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു. ഏത് ജോലി ഏല്‍പ്പിച്ചാലും നന്നായി ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ തുറന്നു പറയാന്‍ സാധിക്കില്ല. ജാമ്യാപേക്ഷയിലെ വിധി വന്നതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് അവർ പറഞ്ഞു.

ചടങ്ങ് കഴിഞ്ഞതിന് ശേഷം തന്റെ ചേംബറിലെത്തി നവീന്‍ ബാബു കണ്ടിരുന്നുവെന്നാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പ്രതികരിച്ചിരുന്നു. കളക്ടറുടെ മൊഴി ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിലായ പി പി ദിവ്യ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

Content Highlights: Naveen Babu wife Manjusha against Kannur Collector Arun K Vijayan

To advertise here,contact us