'സുരേന്ദ്രനുമായി അടുത്ത ബന്ധം, 12 കോടി രൂപ കൊണ്ടു വന്നു, നിർദേശം ബിജെപി സംസ്ഥാന ഓഫീസിൽ നിന്ന്';ധർമരാജൻ്റെ മൊഴി

വിവരം പുറത്തറിഞ്ഞാല്‍ ഇ ശ്രീധരന്‍ രാജിവെക്കും എന്നും ജേക്കബ് തോമസ് പാര്‍ട്ടി വിടുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞതായും ധർമരാജൻ്റെ മൊഴി

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് സമ്മതിച്ച് കൊടകര കള്ളപ്പണ കേസിലെ ഒന്നാം പ്രതി ധർമരാജൻ. ചെറുപ്പത്തില്‍ ആര്‍എസ്എസുകാരന്‍ ആയിരുന്നുവെന്നും വാജ്‌പേയി സര്‍ക്കാരിന്റെ കാലംമുതല്‍ സുരേന്ദ്രനും ആയി നല്ല ബന്ധമുണ്ടെന്നും ധർമരാജൻ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

'തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് പണം ബെംഗളൂരുവില്‍ നിന്നും കൊണ്ടുവന്നു കൊടുത്തു. സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നു. അമിത്ഷാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോള്‍ തിരുവനന്തപുരത്ത് പോയി. സുരേന്ദ്രന്റെ കോന്നിയിലെ തിരഞ്ഞെടുപ്പ് പരിപാടിക്ക് വന്നപ്പോഴും പോയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നിയില്‍ മൂന്നു തവണ പോയി', ധര്‍മരാജന്‍ പറഞ്ഞു.

മൂന്ന് തവണയായി 12 കോടി രൂപയാണ് കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കിയത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ധർമരാജനാണെന്നും ഗംഗാധരന്‍ മൊഴിയില്‍ പറയുന്നു.

'ബെംഗളൂരുവില്‍ കാണേണ്ട ആളുടെ വിവരം വാട്‌സ് ആപ്പില്‍ തന്നു. അടയാളം 10 രൂപ നോട്ട് ആയിരുന്നു. 10 രൂപാ നോട്ടിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ ശ്രീനിവാസന്‍ എന്നയാളാണ് പണം തന്നത്. ബെംഗളൂരുവില്‍ കാണേണ്ട ആളുടെ വിവരം സംസ്ഥാന സെക്രട്ടറി ഗിരീഷാണ് നല്‍കിയത്', ധർമരാജൻ പറഞ്ഞു.

Also Read:

Kerala
'ന്നാ താൻ കേസ് കൊട്' സിനിമയിലെ മന്ത്രി ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചത് 6.3 കോടി രൂപയാണ്. പണം ഏറ്റുവാങ്ങിയത് അന്നത്തെ ട്രഷറര്‍ സുജയ് സേനന്‍. തൃശൂരിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് മുന്‍ ഓഫീസ് സെക്രട്ടറി സതീഷ് എന്നും ധര്‍മരാജന്റെ മൊഴിയില്‍ വ്യക്തമാക്കുന്നു. കൊടകരയില്‍ വെച്ച് പണം നഷ്ടമായതിന് പിന്നാലെ കെ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ചെന്നും മൊഴിയിലുണ്ട്.

'പണം നഷ്ടമായ വിവരം അറിയിക്കാന്‍ അങ്ങോട്ട് വിളിച്ചപ്പോള്‍ എടുത്തില്ല. പിന്നീട് തിരിച്ചു വിളിക്കുകയായിരുന്നു. പണം നഷ്ടമായതിന് പിന്നാലെ ബിജെപി ഓഫീസിലേക്കാണ് പോയത്. അവിടെ ബിജെപി ജനറല്‍ സെക്രട്ടറി ഹരിയെത്തി. ഹരി പണം കൊണ്ടുപോയ വാഹനത്തില്‍ ഉണ്ടായിരുന്ന റഷീദിനെ മറ്റൊരു ലോഡ്ജിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. വിവരം പുറത്തറിഞ്ഞാല്‍ ഇ ശ്രീധരന്‍ രാജിവെക്കും എന്നും ജേക്കബ് തോമസ് പാര്‍ട്ടി വിടുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു', ധര്‍മരാജന്‍ പറയുന്നു.

Also Read:

Kerala
റിപ്പോർട്ടർ ഇമ്പാക്ട്; ഒരു 'വ്യാജൻ' പുറത്തേക്ക്, ജി എസ് ടി സ്റ്റേറ്റ് ടാക്സ് ഓഫീസറെ പിരിച്ചുവിടാൻ തീരുമാനം

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനമായത്. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വീണ്ടും കൊടകര കള്ളപ്പണക്കേസ് ചര്‍ച്ചയായത്. സതീഷിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

Content Highlights: Kodakara case first accused Dharmarajan s statement to police

To advertise here,contact us