'ഖാസിമാർ മതപണ്ഡിതന്മാരായിരിക്കണം'; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഉമർ ഫൈസി മുക്കം

'യോ​ഗ്യതയില്ലാത്തവർ ഖാസിയാവാൻ പാടില്ല എന്ന് പറഞ്ഞാൽ അത് കിത്താബിലുള്ളതാണ്, നിയമമാണ്'

മലപ്പുറം: ഖാസിമാർ മതപണ്ഡിതരായിരിക്കണമെന്ന് ആവർത്തിച്ച് ഉമർ ഫൈസി മുക്കം. ഖാസി ഫൗണ്ടേഷൻ സമസ്തയെ തകർക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. എടവണ്ണപ്പാറയിൽ നടത്തിയ പ്രസം​ഗത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങളുടെ യോഗ്യത ചോദ്യം ചെയ്തിട്ടില്ല. യോഗ്യതയുണ്ടോയെന്ന് ഓരോ ഖാസിമാരും ചിന്തിക്കണമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

വിഭാഗീയതയുണ്ടാക്കാനാണ് ഖാസി ഫൗണ്ടേഷൻ രൂപീകരിച്ചത്. സമസ്ത നേതാക്കന്മാർ ഖാസി ഫൗണ്ടേഷനിൽ പ്രവർത്തിക്കരുത്. മത പണ്ഡിതരാണ് സമസ്ത മുശാവറയിൽ അംഗമാവുക. മതവിധി പറയാൻ അറിയണം. മത പണ്ഡിതന്മാരല്ലാത്ത ഖാസിമാർ പിന്മാറണമെന്നും എന്നാൽ പരാമർശം ആരെയും ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞാനൊരു മതവിധി പറഞ്ഞതാണ്. അതൊക്ക നമ്മുടെ കോളേജുകളിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിഷയമാണ്. കിത്താബിലുള്ള കാര്യമാണ് പറഞ്ഞത്. അതിനെ നിഷേധിച്ച് പലരും പറയുന്നുണ്ടെങ്കിലും അത് വസ്തുതകൾ മറച്ചുവെച്ചുകൊണ്ടുള്ള പരാമർശമാണ് അഥവാ വിവരമില്ലായ്മയാണ്. ഏത് മേഖലയിലാണെങ്കിലും യോ​ഗ്യത വേണം. അതുപോലെ ഖാസിയാവാനും വേണം. യോ​ഗ്യതയില്ലാത്തവർ ഖാസിയാവാൻ പാടില്ല എന്ന് പറഞ്ഞാൽ അത് കിത്താബിലുള്ളതാണ്, നിയമമാണ്. അത് ആർക്കെങ്കിലും ശരിയായി തോന്നിയാൽ അവർ നിയമാനുസൃതമായ ചട്ടത്തിലേക്ക് വരികയാണ് വേണ്ടത്.

Also Read:

Kerala
കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും; തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തും

പ്രസം​ഗത്തിൽ തങ്ങളുടെ പേര് പരാമർശിച്ചിട്ടില്ല. പാണക്കാട് തങ്ങൾമാര്‍ ഖാസിയായ സ്ഥലങ്ങളുടെ കൂട്ടായ്മയാണ് ഖാസി ഫൗണ്ടേഷൻ എന്നാണ് അത് പ്രവർത്തിപ്പിക്കുന്നവർ പ്രചരിപ്പിക്കുന്നത്. അത് തങ്ങൾമാർക്ക് അറിയുമോ എന്ന് അറിയില്ല. എല്ലാ മഹല്ലുകളും ഒരു കുടക്കീഴിൽ എന്ന് പറഞ്ഞാണ് ഖാസി ഫൗണ്ടേഷനിൽ നടക്കുന്നത്. ഇത് വിഭാ​ഗീയതയുണ്ടാക്കാനുള്ള ശ്രമമാണെന്നുള്ള സംശയമുണ്ട്. അത് സമസ്തയ്ക്ക് എതിരായ നീക്കമാണോ എന്ന സംശയമുണ്ട്', ഉമർ ഫൈസി മുക്കം പറഞ്ഞു.

തങ്ങൾമാരുടെ കാലം അവസാനിച്ചുവെന്ന് പറയുന്നത് ജിഹാദികളും മൗദൂദികളുമാണ്, ജമാഅത്തെ ഇസ്ലാമി പോലത്തെ സംഘടനകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എം ഷാജിയുടെ പരാമർശത്തെ ലീ​ഗ് ചോദ്യം ചെയ്യേണ്ടതാണ്. സമസ്ത അധ്യക്ഷനെ പി എം എ സലാം അധിക്ഷേപിച്ചു. പി എം എ സലാമിനെ മാറ്റണമെന്ന് സമസ്ത ആവശ്യപ്പെട്ടിട്ടും ലീഗ് നടപടിയെടുത്തില്ലെന്നും ഉമർ ഫൈസി ചൂണ്ടിക്കാട്ടി..

Content Highlight: Umar Faizy Mukkam says Khasis must be religious scholars

To advertise here,contact us